Quantcast

ധർമസ്ഥല ദുരൂഹമരണങ്ങൾ: എസ്‌ഐടി അന്വേഷണത്തിൽ അസ്ഥികൾ കണ്ടെത്തിയെന്ന് കർണാടക ആഭ്യന്തര മന്ത്രി

വെളിപ്പെടുത്തൽ നടത്തിയ വ്യക്തി നൽകിയ വിവരങ്ങൾ തെറ്റാണെങ്കിൽ നടപടിയുണ്ടാകുമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    14 Aug 2025 7:38 PM IST

Karnataka Home minister statement about SIT Investigation On Dharmasthala
X

ബംഗളൂരു: ധർമസ്ഥലയിൽ പരാതിക്കാരന്റെ വെളിപ്പെടുത്തൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ രൂപവത്കരിച്ച എസ്‌ഐടിയുടെ പ്രവർത്തനം തികച്ചും സ്വതന്ത്രമാണെന്നും അന്വേഷണത്തിൽ ഇടപെടാൻ ഒരു ഫോൺ വിളി പോലും നടത്തുന്നില്ലെന്നും ആഭ്യന്തരമന്ത്രി ഡോ. ജി.പരമേശ്വര. അന്വേഷണത്തിന്റെ സുതാര്യതയിൽ സംശയം പ്രകടിപ്പിച്ച ബിജെപി അംഗങ്ങളുടെ വിമർശനത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

എസ്‌ഐടി അന്വേഷണത്തിൽ അസ്ഥികൾ കിട്ടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വെളിപ്പെടുത്തൽ നടത്തിയ വ്യക്തി നൽകിയ വിവരങ്ങൾ തെറ്റാണെങ്കിൽ നടപടിയുണ്ടാകും. നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിനാണ് ഊന്നൽ നൽകുന്നത്. നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ സത്യം പുറത്തുവരണം.

അന്വേഷണത്തിന്റെ ഭാഗമായി ധർമസ്ഥലയിലെ നേത്രാവതി നദിയുടെ തീരത്തുള്ള വനപ്രദേശങ്ങളിലെ പരാതിക്കാരനും സാക്ഷിയും തിരിച്ചറിഞ്ഞ സ്ഥലങ്ങളിൽ എസ്ഐടി അന്വേഷണം നടത്തിവരികയാണ്. ഇവിടെ രണ്ട് സ്ഥലങ്ങളിൽ നിന്ന് ഇതുവരെ ചില അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

സർക്കാർ ഒരു സമ്മർദത്തിനും വഴങ്ങിയല്ല എസ്ഐടി രൂപവത്കരിച്ചത്. തങ്ങൾ ഇതുവരെ സമ്മർദത്തിന് വഴങ്ങിയിട്ടില്ല, ഭാവിയിൽ അങ്ങിനെ ചെയ്യുകയുമില്ല. സത്യം പുറത്തുകൊണ്ടുവരുന്നതിലും നീതി ഉറപ്പാക്കുന്നതിലുമാണ് തങ്ങളുടെ ശ്രദ്ധ. താനടക്കം ഭരണപക്ഷത്തുള്ള എല്ലാവർക്കും ധർമസ്ഥലയോട് വലിയ ബഹുമാനവും ഭക്തിയുമുണ്ട്. താൻ നിരവധി തവണ ക്ഷേത്രം സന്ദർശിച്ചിട്ടുള്ളയാളാണ്. രാജ്യവ്യാപകമായും ആഗോളതലത്തിലും ധർമസ്ഥലക്ക് ആദരവുണ്ട്. ധർമാധികാരി വീരേന്ദ്ര ഹെഗ്‌ഡെ എംപിയുടെ നേതൃത്വത്തിൽ ക്ഷേത്രവും അതിലെ സ്ഥാപനങ്ങളും സ്ത്രീക്ഷേമത്തെ പിന്തുണക്കുകയും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ ആരോപണങ്ങൾക്ക് പിന്നിലെ സത്യം പുറത്തുവരേണ്ടതുണ്ട്. അത്തരം അവകാശവാദങ്ങൾ നിലനിൽക്കാൻ അനുവദിക്കണോ? സത്യം കണ്ടെത്തുന്നതിനാണ് എസ്ഐടി രൂപവത്കരിച്ചത്, അതുവഴി ആരോപണം നേരിടുന്നവരോട് നീതിപൂർവം പെരുമാറുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story