Quantcast

വിദ്വേഷ പ്രചാരണം തടയാൻ ബില്ലുമായി കർണാടക; പ്രതിഷേധിച്ച് ശ്രീരാമസേന

ബിൽ ഹിന്ദു സമൂഹത്തെ ലക്ഷ്യംവെച്ചുള്ളതാണെന്ന് ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    5 Dec 2025 10:46 PM IST

വിദ്വേഷ പ്രചാരണം തടയാൻ ബില്ലുമായി കർണാടക; പ്രതിഷേധിച്ച് ശ്രീരാമസേന
X

ബംഗളൂരു: വിദ്വേഷ പ്രസംഗങ്ങളും കുറ്റകൃത്യങ്ങളും തടയാൻ ബില്ലുമായി കർണാടക. നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. തിങ്കളാഴ്ചയാണ് നിയമസഭയുടെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്.

ബില്ലിനെതിരെ ശ്രീരാമ സേന ദേശീയ പ്രസിഡന്റ് പ്രമോദ് മുത്തലിക് രംഗത്ത് വന്നു. ഹിന്ദുക്കളെ ലക്ഷ്യംവെക്കാനും ഹിന്ദുത്വ സംഘടനകളെയും അവരുടെ നേതാക്കളെയും അടിച്ചമർത്താനും സംസ്ഥാന സർക്കാർ നിർദിഷ്ട ബിൽ ഉപയോഗിക്കുന്നുവെന്ന് മുത്തലിക് ശനിയാഴ്ച പത്രസമ്മേളനത്തിൽ ആരോപിച്ചു. മുസ്ലിം വോട്ടർമാരെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണ് സർക്കാർ ഈ നിയമം കൊണ്ടുവരുന്നത്. ഹിന്ദു ശബ്ദങ്ങളെ മാത്രം ലക്ഷ്യംവെക്കുന്നതാണ് ഇതെന്നും മുത്തലിക് പറഞ്ഞു.

ഗോവധ നിരോധനം നിലവിലുണ്ടെങ്കിലും പലയിടത്തും നിയമലംഘനങ്ങൾ ഇപ്പോഴും നടക്കുമ്പോൾ ഗോവധത്തിനെതിരെ സംസാരിക്കുന്നത് തെറ്റാണോ എന്ന് മുത്തലിക് ചോദിച്ചു. ലവ് ജിഹാദിനെക്കുറിച്ച് ഹിന്ദുക്കളിൽ അവബോധം വളർത്തുന്നത് തെറ്റാണോ? പള്ളികളുടെയും അനധികൃത നിർമാണങ്ങളെയോ ശവസംസ്‌കാര സ്ഥലങ്ങളിലെ കൈയേറ്റങ്ങളെയോ എതിർക്കുന്നത് തെറ്റാണോ? മതപരിവർത്തനങ്ങളെ എതിർക്കുന്നത് തെറ്റാണോ? ഇത്തരം വിഷയങ്ങളെ ചോദ്യം ചെയ്യുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്ന ആരെയും നിശബ്ദരാക്കാനാണ് ബിൽ ശ്രമിക്കുന്നതെന്ന് മുത്തലിക് ആരോപിച്ചു.

ഡോ. ബി.ആർ. അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണ് ഈ നീക്കമെന്നും ഹിന്ദു സമൂഹത്തെ ദുർബലപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും മുത്തലിക് പറഞ്ഞു. നിയമസഭ സമ്മേളനത്തിൽ ബില്ലിനെ ശക്തമായി എതിർക്കാനും അത് പാസാക്കുന്നില്ലെന്ന് ഉറപ്പാക്കാനും ബിജെപി, ജെഡി (എസ്) എംഎൽഎമാരോട് അദ്ദേഹം അഭ്യർഥിച്ചു. സംഘടന എല്ലാ നിയമസഭാംഗങ്ങൾക്കും നിവേദനം നൽകുകയും സമ്മർദം ചെലുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story