സത്യപ്രതിജ്ഞക്ക് പിന്നാലെ കർണാടക മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു
ബംഗളൂരു ഡെവലപ്മെന്റ് വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് രാജി

- Published:
5 Jun 2026 10:15 AM IST

ബംഗളൂരു: കർണാടകയിൽ ഡി.കെ.ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി.സത്യപ്രതിജ്ഞക്ക് പിന്നാലെജലസേചന മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു. ബംഗളൂരു ഡെവലപ്മെന്റ് വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് രാജി. എഐസിസി നേതാവ് രാഹുൽ ഗാന്ധി ബംഗളൂരുവിൽ ഉള്ള സമയത്താണ് പാർട്ടിക്ക് തലവേദനയായി ഈ അപ്രതീക്ഷിത രാജി ഉണ്ടായിരിക്കുന്നത്.
ബംഗളൂരു വികസന വകുപ്പ് തനിക്ക് നൽകാമെന്ന് മുഖ്യമന്ത്രി ഡി.കെ ശിവകുമാർ നേരത്തെ ഉറപ്പുനൽകിയിരുന്നുവെന്നും, എന്നാൽ ഇപ്പോൾ അദ്ദേഹം അതിൽ നിന്നും 'യു-ടേൺ' എടുത്തിരിക്കുകയാണെന്നും രാമലിംഗ റെഡ്ഡി ആരോപിച്ചു.
"എന്നെ വീണ്ടും വീണ്ടും അപമാനിക്കുകയാണ്, ഇനിയും ഇത് സഹിക്കാൻ കഴിയില്ല. എന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ എനിക്ക് കഴിയില്ല. ഈ തീരുമാനത്തിൽ എനിക്ക് ദേഷ്യമില്ല, മറിച്ച് കടുത്ത നിരാശ മാത്രമാണുള്ളതെന്നും' രാമലിംഗ റെഡ്ഡി വ്യക്തമാക്കി.
താൻ മന്ത്രിസ്ഥാനം മാത്രമാണ് രാജിവെക്കുന്നതെന്നും കോൺഗ്രസ് എംഎൽഎയായി പാർട്ടിയിൽ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 53 വർഷമായി താൻ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് രാജി സമർപ്പിക്കാൻ തയ്യാറാകാതിരുന്ന റെഡ്ഡി, തന്റെ പേഴ്സണൽ സെക്രട്ടറി വഴിയാണ് രാജി കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിച്ചത്.
വകുപ്പ് വിഭജനത്തെ ചൊല്ലി കർണാടക മന്ത്രിസഭയ്ക്കുള്ളിൽ ആഭ്യന്തര തർക്കങ്ങൾ നിലനിൽക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് രാമലിംഗത്തിന്‍റെ രാജി.
Adjust Story Font
16
