Quantcast

പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണം; പോസ്റ്റ്‌മോർട്ടം നിർബന്ധമാക്കി കർണാടക

കഴിഞ്ഞ 40 ദിവസത്തിനിടെ ഹാസൻ ജില്ലയിൽ 21 ഹൃദയാഘാത മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    7 July 2025 4:29 PM IST

Karnataka to declare sudden deaths as notifiable disease
X

ബെംഗളൂരു: പെട്ടെന്നുള്ള മരണങ്ങൾ നിർബന്ധമായും ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് കർണാടക. സംസ്ഥാനത്ത് ആളുകൾ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം. ആശുപത്രിക്ക് പുറത്തുനടക്കുന്ന ഇത്തരം മരണങ്ങളിൽ പോസ്റ്റ്‌മോർട്ടം നിർബന്ധമാണെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

''കഴിഞ്ഞ കുറച്ചു മാസങ്ങളായി, നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ആളുകൾ പെട്ടെന്ന് കുഴഞ്ഞുവീഴുന്ന നിരവധി കേസുകൾ നാം കണ്ടിട്ടുണ്ട്. അത്തരം മരണങ്ങളുടെ കാരണം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്, അതിനാൽ, അത്തരം എല്ലാ സംഭവങ്ങളും റിപ്പോർട്ട് ചെയ്യണം, പോസ്റ്റ്മോർട്ടം നടത്തേണ്ടത് അത്യാവശ്യമാണ്''- മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഹൃദയാരോഗ്യ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും മുതിർന്നവരിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാത മരങ്ങളുടെ ദേശീയ രജിസ്ട്രി തയ്യാറാക്കണമെന്നും സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം. സ്‌കൂൾ വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കും ഹൃദ്രോഗങ്ങൾ സംബന്ധിച്ച് വാർഷിക സ്‌ക്രീനിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ 40 ദിവസത്തിനിടെ ഹാസൻ ജില്ലയിൽ 21 ഹൃദയാഘാത മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്നാണ് ഇതിനെക്കുറിച്ച് പഠിക്കാൻ ജയദേവ കാർഡിയോ വാസ്‌കുലാർ സയൻസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്.

TAGS :

Next Story