'ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ '; പരിശോധനക്ക് ബസിൽ കയറിയ ഗതാഗത മന്ത്രിയെ ഇറക്കി വിട്ട് കണ്ടക്ടർ
കണ്ടക്ടറോട് തർക്കിക്കാനോ മറുപടി പറയാനോ നിൽക്കാതെ മന്ത്രി ശാന്തനായി ബസിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു

- Updated:
2026-07-12 07:26:56

ബംഗളുരു: പലരീതിയിലുള്ള അബദ്ധങ്ങൾ കണ്ടിട്ടുണ്ട്. ബംഗലുരുവിലെ ബസ് കണ്ടക്ടർ സംഭവിച്ചത് ഇമ്മണിവല്യേ അബദ്ധമാണ്. ചില്ലറയില്ലാത്തതിന്റെ പേരിൽ ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട് പുലിവാൽ പിടിച്ചിരിക്കുകയാണ് ബസ് കണ്ടക്ടർ. യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കാനാണ് കർണാടക ഗതാഗതമന്ത്രിയായ ബൈരതി സുരേഷ് സർപ്രൈസ് പരിശോധനക്ക് ഇറങ്ങിയത്. പരിശോധനയുടെ ദൃശ്യങ്ങൾ മന്ത്രി തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാനാണ് മന്ത്രി സർപ്രൈസായി ബിഎംടിസി ബസിൽ കയറിയത്. മാസ്‌ക്ക് വച്ച് കയറിയ മന്ത്രിയെ കണ്ടക്ടർക്ക് മനസ്സിലായില്ല. ഹെബ്ബാളിൽ നിന്ന് നാഗഷെട്ടി ഹള്ളിയിലേക്കുള്ള ബസിലാണ് മന്ത്രി കയറിയത്. രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട് 100 രൂപയുടെ നോട്ട് നൽകുകയായിരുന്നു. ചില്ലറ തരാൻ കണ്ടക്ടർ ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. തന്റെ കയ്യിലും ചില്ലറയില്ലെന്ന് പറഞ്ഞ കണ്ടക്ടർ ബാഗ് തുറന്ന് കാണിച്ചു. എന്നിട്ടാണ് മന്ത്രിയോട് ചില്ലറയില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങിക്കോളാൻ കണ്ടക്ടർ പറഞ്ഞത്. യാത്രക്കാരൻ സംസ്ഥാന ഗതാഗത മന്ത്രിയാണെന്ന വിവരം കണ്ടക്ടർ അറിഞ്ഞില്ല.
കണ്ടക്ടറോട് തർക്കിക്കാനോ മറുപടി പറയാനോ നിൽക്കാതെ മന്ത്രി ശാന്തനായി ബസിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ശനിയാഴ്ച രാത്രി 7.10 നും 9.10 നും ഇടയിലായിരുന്നു മന്ത്രിയുടെ ഈ സർപ്രൈസ് പരിശോധന. ജയമഹൽ, ടിവി ടവർ, ആർടി നഗർ, സിബിഐ റോഡ്, ഹെബ്ബാൾ, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ, ഹെന്നൂർ ബന്ദെ, ബൈരതി ബന്ദെ, ഗെദ്ദലഹള്ളി എന്നീ റൂട്ടുകളിലൂടെയാണ് മന്ത്രി മാസ്‌ക് ധരിച്ച് യാത്ര ചെയ്തത്.
മന്ത്രി ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. നാഗഷെട്ടിഹള്ളിയിൽ നിന്ന് അൽപദൂരം മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തു. മീറ്ററിൽ 30 രൂപയാണ് കാണിച്ചതെങ്കിലും ഡ്രൈവർ 36 രൂപ ആവശ്യപ്പെട്ടു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, മീറ്റർ ഉടൻ തന്നെ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ 40 രൂപ നൽകിയാണ് മന്ത്രി ഓട്ടോയിൽ നിന്ന് ഇറങ്ങിയത്.
Adjust Story Font
16
