Quantcast

'ഞാൻ താങ്കളുടെ പിതാവിന്റെ സുഹൃത്താണ്, മിണ്ടാതിരിക്കൂ'; പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച മുൻ പ്രധാനമന്ത്രിയുടെ മകനോട് ഖാർഗെ

നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുമ്പോഴായിരുന്നു ബിജെപി എംപിയായ നീരജ് ശേഖർ ഖാർ​ഗെയുടെ പ്രസം​ഗം തടസ്സപ്പെടുത്താൻ ശ്രമിച്ചത്.

MediaOne Logo

Web Desk

  • Published:

    5 Feb 2025 1:57 PM IST

M Kharges Outburst In Rajya Sabha As BJP MP Interrupts Him
X

ന്യൂഡൽഹി: പാർലമെന്റിൽ തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച ബിജെപി എംപിയോട് രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും ബിജെപി എംപിയുമായ നീരജ് ശേഖറിനെതിരെയായിരുന്നു ഖാർഗെയുടെ രോഷപ്രകടനം. താങ്കളുടെ പിതാവിന്റെ സമകാലികനാണ് താനെന്നും മിണ്ടാതിരിക്കൂ... എന്നുമായിരുന്നു ഖാർഗെയുടെ പരാമർശം.

തിങ്കളാഴ്ച രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാർഗെ. രൂപയുടെ മൂല്യത്തകർച്ച ചൂണ്ടിക്കാണിച്ചപ്പോഴാണ് നീരജ് ശേഖർ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചത്.

''ഞാൻ നിങ്ങളുടെ പിതാവിന്റെ സുഹൃത്താണ്. നിങ്ങൾ എന്താണ് പറയുന്നത്? മിണ്ടാതിരിക്കൂ...''-ഖാർഗെ പറഞ്ഞു.

ഖാർഗെയുടെ പരാമർശത്തിന് പിന്നാലെ സഭ ബഹളത്തിൽ മുങ്ങി. ചന്ദ്രശേഖർ രാജ്യം കണ്ട സമുന്നത നേതാക്കളിൽ ഒരാളാണെന്നും പരാമർശം ഖാർഗെ പിൻവലിക്കണമെന്നും രാജ്യസഭാ അധ്യക്ഷൻ ആവശ്യപ്പെട്ടു.

താനും ചന്ദ്രശേഖറും ഒരുമിച്ച് അറസ്റ്റിലായിട്ടുണ്ടെന്നും അതുകൊണ്ടാണ് താങ്കളുടെ പിതാവും താനും സുഹൃത്തുക്കളാണെന്ന് പറഞ്ഞതെന്നുമായിരുന്നു ഖാർഗെയുടെ വിശദീകരണം. എന്നാൽ സഭയിലെ ഒരു അംഗത്തോട് 'നിന്റെ അച്ഛൻ' എന്ന രീതിയിലുള്ള പരാമർശം ശരിയല്ല എന്നായിരുന്നു രാജ്യസഭാ അധ്യക്ഷന്റെ നിലപാട്.

എന്നാൽ ആരെയും അധിക്ഷേപിക്കുന്നത് തങ്ങളുടെ രീതിയല്ല എന്നായിരുന്നു ഖാർഗെയുടെ മറുപടി. ബിജെപി നേതാക്കൾ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ നിരന്തരം അധിക്ഷേപിച്ചതും അദ്ദേഹം ഓർമിപ്പിച്ചു. ഒരാൾ പറഞ്ഞത് മൻമോഹൻ സിങ് മഴക്കോട്ട് ധരിച്ച് കുളിക്കുന്ന ആളാണ് എന്നായിരുന്നു. അദ്ദേഹം സംസാരിക്കില്ലെന്ന് പറഞ്ഞവരുണ്ട്. സർക്കാരിനെ നയിക്കാനറിയില്ലെന്ന് ആക്ഷേപിച്ചു. അവർ അദ്ദേഹത്തെ മൗനി ബാബയെന്ന് വിളിച്ചു. ഈ അധിക്ഷേപമെല്ലാം ഉണ്ടായപ്പോഴും അദ്ദേഹം അതെല്ലാം അവഗണിച്ച് രാജ്യതാത്പര്യം കണക്കിലെടുത്ത് മൗനം പാലിച്ച് മുന്നോട്ട് പോവുകയായിരുന്നു. ആളുകളെ അധിക്ഷേപിക്കുന്നത് അവരുടെ രീതിയാണ്, തങ്ങൾ എന്നും അധിക്ഷേപം സഹിച്ചവരാണെന്നും ഖാർഗെ പറഞ്ഞു.

സമാജ്‌വാദി പാർട്ടി എംപിയായിരുന്ന നീരജ് ശേഖർ 2019ലാണ് ബിജെപിയിൽ ചേർന്നത്. അദ്ദേഹത്തിന്റെ പിതാവ് ചന്ദ്രശേഖർ രാജ്യംകണ്ട പ്രമുഖരായ സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു. 1990 ഒക്ടോബർ മുതൽ 1991 ജൂൺ വരെ ആറു മാസമാണ് ചന്ദ്രശേഖർ പ്രധാനമന്ത്രി പദവിയിലുണ്ടായിരുന്നത്.

TAGS :

Next Story