അസമില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
എന്‍ജിനും ആറ് കോച്ചുകളുമാണ് പാളംതെറ്റിയത്

- Updated:
2026-11-11 05:13:02

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ കൊല്‍ക്കത്ത-സൈറാങ് എക്‌സ്പ്രസ് പാളം തെറ്റി. ഗുവാഹത്തിക്ക് സമീപം ദിഗാരു റെയില്‍വേ സ്റ്റേഷനിലാണ് ബുധനാഴ്ച രാവിലെ അപകടമുണ്ടായത്. ട്രെയിനിന്റെ എന്‍ജിനും ആറ് കോച്ചുകളുമാണ് പാളം തെറ്റിയത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ചിലരുടെ പരിക്ക് ഗുരുതരമാണ്.
കൊൽക്കത്തയിൽ നിന്ന് മിസോറാമിലെ സൈറാങ്ങിലേക്ക് പോകുകയായിരുന്ന 13125 നമ്പർ എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തിൽ പെട്ടത്. രാവിലെ 6.54ഓടെയായിരുന്നു അപകടം. സംഭവത്തെത്തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. വടക്കുകിഴക്കന്‍ ഫ്രോണ്ടിയര്‍ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് തിരിച്ചതായി അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
മറ്റൊരു ട്രെയിനിന് കടന്നുപോകാന്‍ വഴിയൊരുക്കുന്നതിനായി കൊല്‍ക്കത്തസൈറാങ് എക്‌സ്പ്രസ് ദിഗാരു സ്റ്റേഷനില്‍ പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റെയില്‍വേയുടെ വിശദീകരണം. സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ട്രെയിനിന്റെ വേഗം നിയന്ത്രിക്കാന്‍ ലോക്കോ പൈലറ്റിന് സാധിക്കാതിരുന്നതാണ് എന്‍ജിനും അഞ്ച് കോച്ചുകളും പാളം തെറ്റാന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം.
അതേസമയം, അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വടക്കുകിഴക്കന്‍ ഫ്രോണ്ടിയര്‍ റെയില്‍വേ വക്താവ് കപിഞ്ചല്‍ കിഷോര്‍ ശര്‍മ അറിയിച്ചു. തുടര്‍ യാത്രക്കായി പകരം ട്രെയിന്‍ ഏര്‍പ്പെടുത്തി. രക്ഷാപ്രവര്‍ത്തനവും പാളം പുനഃസ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Adjust Story Font
16
