പുറത്താക്കിയതിന് പിന്നാലെ പുതിയ പാർട്ടിയുമായി ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ്
സെക്യൂലർ സേവക് സംഘ്, ഛത്ര ജനശക്തി പരിഷത്ത് എന്നിങ്ങനെയാണ് പേരുകൾ ആലോചിക്കുന്നത്

പറ്റ്‌ന: കുടുംബത്തിൽ നിന്നും ആര്‍ജെഡിയില്‍ നിന്നും പുറത്താക്കിയ ലാലുപ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് പുതിയ പാർട്ടിയുമായി വരുന്നു. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തേജ് പ്രതാപ് പുതിയ പാർട്ടിയുമായി രംഗത്ത് എത്തുന്നത്.
സെക്യൂലർ സേവക് സംഘ്, ഛത്ര ജനശക്തി പരിഷത്ത് എന്നിങ്ങനെയാണ് പേരുകൾ ആലോചിക്കുന്നത്. അതേസമയം, ആർജെഡിയുടെ മുഖമായ അദ്ദേഹത്തിന്റെ സഹോദരൻ തേജസ്വി യാദവ്, പിതാവിന്റെ തീരുമാനത്തെ പരസ്യമായി പിന്തുണക്കുകയും ചെയ്തു. വിവാഹമോചനക്കേസിലെ നടപടിക്കിടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മറ്റൊരു പ്രണയം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് 37കാരനായ തേജ് പ്രതാപിനെ ലാലുപ്രസാദ് യാദവ് പുറത്താക്കിയത്.
"സ്വകാര്യ ജീവിതത്തിൽ ധാർമിക മൂല്യങ്ങളെ അവഗണിക്കുന്നത് സാമൂഹ്യനീതിക്കായുള്ള നമ്മുടെ കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നു. മൂത്ത മകന്റെ പ്രവർത്തനങ്ങളും പെരുമാറ്റവും നമ്മുടെ കുടുംബ മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും അനുസൃതമല്ല. ഇതുകാരണം, ഞാൻ അദ്ദേഹത്തെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും അകറ്റി നിർത്തുന്നു. ഇനിമുതൽ അദ്ദേഹത്തിന് പാർട്ടിയിലോ കുടുംബത്തിലോ ഒരു തരത്തിലുള്ള റോളും ഉണ്ടായിരിക്കില്ല. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് ആറു വർഷത്തേക്ക് പുറത്താക്കുന്നു'- ഇങ്ങനെയായിരുന്നു ലാലുപ്രസാദ് വ്യക്തമാക്കിയത്.
ബിഹാർ മുൻ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ കൊച്ചുമകൾ ഐശ്വര്യയെ തേജ് പ്രതാപ് വിവാഹം ചെയ്തിരുന്നെങ്കിലും മാസങ്ങൾക്കകം ഇരുവരും വേർപിരിഞ്ഞിരുന്നു. നിലവിൽ ഇരുവരുടെയും വിവാഹമോചനക്കേസ് പട്ന കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് തന്റെ പ്രണയബന്ധം വെളിപ്പെടുത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്.
Adjust Story Font
16

