'അണികൾ കോമയിലായിരിക്കുമ്പോൾ നേതാക്കൾ യൂറോപ്പിൽ അവധിക്കാലം ആഘോഷിക്കുന്നു': ഉദ്ധവിനെതിരെ ഷിൻഡെ
അതിനിടെ അന്തരിച്ച ശിവസേന എംഎൽഎ സഞ്ജയ് ബന്ദിന്‍റെ ഭാര്യ പ്രീതി സഞ്ജയ് ബന്ദ് ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നു

അമരാവതി: ശിവസേന (യുബിടി) പ്രസിഡന്‍റ് ഉദ്ധവ് താക്കറെയെ പരിഹസിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. പാര്‍ട്ടിപ്രവര്‍ത്തകര്‍ കോമയിലായിരിക്കുമ്പോൾ നേതാക്കൾ യൂറോപ്പിൽ അവധിക്കാലം ആഘോഷിക്കുകയാണെന്ന് ഷിൻഡെ പറഞ്ഞു.
ഒരു പാര്‍ട്ടി പരിപാടിയിൽ സംസാരിക്കവെ പാർട്ടിയിൽ പിളർപ്പിന് കാരണമായ 2022 ലെ കലാപത്തെക്കുറിച്ച് ഷിൻഡെ പരാമർശിച്ചു. ആത്മാഭിമാനമുള്ള വ്യക്തികൾ അനീതിക്കെതിരെ കലാപത്തിലേക്ക് ഉയരുമെന്ന് ഭഗവാൻ കൃഷ്ണൻ ഭഗവദ്ഗീതയിൽ പറയുന്നുണ്ട്. "അധികാരത്തിനുവേണ്ടിയല്ല, വില്ലും അമ്പും ചിഹ്നം സംരക്ഷിക്കുന്നതിനും ബാലാസാഹെബിന്‍റെ (താക്കറെ) ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമായിരുന്നു ഞങ്ങളുടെ കലാപം. അധികാരം വരും പോകും, പക്ഷേ ഒരിക്കൽ നഷ്ടപ്പെട്ട സത്യസന്ധത തിരിച്ചുപിടിക്കാൻ കഴിയില്ല. സ്ഥാനങ്ങൾക്കുവേണ്ടി ഞങ്ങൾ മത്സരിച്ചില്ല - തത്വങ്ങൾക്കുവേണ്ടിയാണ് ഞങ്ങൾ നിലകൊണ്ടത്," അദ്ദേഹം പറഞ്ഞു.
അതിനിടെ അന്തരിച്ച ശിവസേന എംഎൽഎ സഞ്ജയ് ബന്ദിന്‍റെ ഭാര്യ പ്രീതി സഞ്ജയ് ബന്ദ് ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നു. മുംബൈയിൽ, കല്യാൺ-ഡോംബിവ്‌ലി ലോക്‌സഭാ മണ്ഡലത്തിലെ കൽവ, ഖരേഗാവ്, വിറ്റാവ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് മുൻ കോർപ്പറേറ്റർമാർ ഷിൻഡെയുടെ സാന്നിധ്യത്തിൽ ശിവസേനയിൽ ചേർന്നിട്ടുണ്ട്. വരാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി താനെയിൽ ശിവസേനയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ ചുവടുമാറ്റങ്ങൾ. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്‌പി)ക്ക്, പ്രത്യേകിച്ച് കൽവ-മുംബ്ര എംഎൽഎ ജിതേന്ദ്ര അവാദിന് ഇത് സാരമായി തിരിച്ചടി നൽകിയേക്കുമെന്നാണ് വിവരം.
താനെ മുനിസിപ്പൽ കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവ് മിലിന്ദ് പാട്ടീൽ, മുൻ കോർപ്പറേറ്റർമാരായ മനാലി പാട്ടീൽ, മഹേഷ് സാൽവി, മനീഷ സാൽവി, താനെ മഹിള എൻസിപി (എസ്പി) യുടെ വർക്കിംഗ് പ്രസിഡന്‍റായിരുന്ന സുരേഖ പാട്ടീൽ, സച്ചിൻ മഹത് എന്നിവരും ഷിന്‍ഡെ സേനയിൽ ചേർന്നവരിൽ ഉൾപ്പെടുന്നു.
Adjust Story Font
16

