Quantcast

സംസ്ഥാന ഭരണം 'കൈ'വിട്ടു; ലോക്‌സഭയിൽ രാജസ്ഥാൻ ആർക്കൊപ്പം?

2019ൽ അധികാരമുണ്ടായിട്ടും രാജസ്ഥാനിൽ ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2024-03-14 16:28:00.0

Published:

14 March 2024 4:09 PM GMT

Lok Sabha Elections: Who Will Lead in Rajasthan? Indian National Congress or BJP?
X

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്നോണം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ട ഇടമാണ് രാജസ്ഥാൻ. 200ൽ 121 സീറ്റുകളുമായി സംസ്ഥാന ഭരിച്ച അശോക് ഗെഹ്‌ലോട്ടിനും സംഘത്തിനും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ (2023) 70 സീറ്റ് മാത്രമാണ് നേടാനായത്. പ്രധാന എതിർകക്ഷിയായ ബിജെപിയാകട്ടെ 115 സീറ്റുകളും നേടി. മുന്നണിയെന്ന നിലയിൽ 124 സീറ്റ് കൈവശപ്പെടുത്തിയ ബിജെപി സഖ്യം ഭജൻ ലാൽ ശർമയുടെ നേതൃത്വത്തിൽ സംസ്ഥാനം ഭരിച്ചു വരികയാണ്. ഹിന്ദി ഹൃദയഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശത്തെ വലിയ സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനിലെ സംസ്ഥാന ഭരണം നഷ്ടമായത് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

എന്തുകൊണ്ട് കോൺഗ്രസ് തോറ്റു?

രാജസ്ഥാൻ സംസ്ഥാന തെരഞ്ഞെടുപ്പിൽ നേതാക്കളുടെ തമ്മിലടിയാണ് കോൺഗ്രസിന് തിരിച്ചടിയായത്. മുഖ്യമന്ത്രി പദവിക്കായി ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും പല സന്ദർഭങ്ങളിലും നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനത്ത് കോൺഗ്രസ് ബി.ജെ.പിക്ക് വിജയിക്കാൻ അവസരമൊരുക്കുകയായിരുന്നു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്?

2019ൽ അധികാരമുണ്ടായിട്ടും രാജസ്ഥാനിൽ ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. രാജസ്ഥാനിൽ ആകെയുള്ള 25 ലോക്സഭാ സീറ്റുകളിൽ 24 എണ്ണം ബിജെപി കയ്യിലാക്കിയപ്പോൾ, എൻഡിഎയുടെ ഭാഗമായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി) ഒരു സീറ്റ് നേടി. 59.27 വോട്ട് ശതമാനമാണ് ബിജെപി സ്വന്തമാക്കിയത്. കോൺഗ്രസിന്റെ വോട്ട് ശതമാനം 34.24 ആയിരുന്നു.

2024ലെ പ്രധാന പോരാട്ടം?

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയും കോൺഗ്രസും തമ്മിൽ തന്നെയാണ് രാജസ്ഥാനിൽ പ്രധാനമത്സരം. ഇൻഡ്യ മുന്നണിക്ക് കാര്യമായ ഇടം സംസ്ഥാനത്തുണ്ടായേക്കില്ല. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്‌ലോട്ടടക്കം രാജസ്ഥാനിലെ പത്ത് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജലോറിലാണ് വൈഭവ് മത്സരിക്കുന്നത്. ലുംബരം ചൗധരിയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. നിലവിൽ കേന്ദ്ര ജലവകുപ്പ് മന്ത്രിയായ ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരെ 2019 തെരഞ്ഞെടുപ്പിൽ വൈഭവ് ജോദ്പൂരിൽ മത്സരിച്ചിരുന്നു. എന്നാൽ വിജയിക്കാനായില്ല. 43കാരനായ വൈഭവ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് കൂടിയാണ്.

പുറത്താക്കപ്പെട്ട കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഗുധ അഴിമതി വിവരങ്ങളുമായി രാജസ്ഥാൻ നിയമസഭയിൽ 'റെഡ് ഡയറി' കൊണ്ടുവന്നപ്പോൾ വൈഭവിന്റെ പേര് ഉയർന്നുകേട്ടിരുന്നു. ധർമേന്ദ്ര റാത്തോഡ് എഴുതിയ ഡയറിയിൽ അശോക് ഗെഹ്‌ലോട്ടിന്റെയും മകൻ വൈഭവിന്റെയും പേരുണ്ടെന്നും അവർ എംഎൽഎമാർക്ക് നൽകി കോടികളുടെ കണക്കുണ്ടെന്നും ഗുധ അവകാശപ്പെട്ടിരുന്നു.

അതേസമയം, ബിജെപി വിട്ട് ഈയിടെ കോൺഗ്രസിൽ ചേർന്ന ജാട്ട് നേതാവ് രാഹുൽ കസ്‌വാന് ചുരു മണ്ഡലത്തിൽ സ്ഥാനാർഥിത്വം നൽകിയിട്ടുണ്ട്. ദേവേന്ദ്ര ഝജാരിയയാണ് ചുരുവിൽ ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്.

മൂന്ന് എംഎൽഎമാരും കോൺഗ്രസ് പട്ടികയിലുണ്ട്. ലളിത് യാദവ് (ആൽവാർ), ഹരീഷ് മീണ (ടോങ്ക്), ബ്രിജേന്ദ്ര ഓല (ജുൻജുനു) എന്നിങ്ങനെയാണ് മത്സരിക്കുന്നത്. ലളിത് മുൻഡവാറിലെയും ഹരീഷ് ഡിയോളി ഉനിയാറയിലെയും ഓല ജുൻജുനുവിലെയും എംഎൽഎമാരാണ്.

ജോദ്പൂരിൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കരൺ സിംഗ് ഉചിയാർഡാ, ഭരത്പൂരിൽ സഞ്ജനാ ജാദവ് എന്നീ പുതുമുഖങ്ങളും കളത്തിലിറങ്ങുന്നു. അതേസമയം, കോൺഗ്രസ് രണ്ടാം പട്ടിക പുറത്തിറക്കിയിട്ടും അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും ഇടംപിടിച്ചിട്ടില്ല.

നിലവിലെ ലോക്‌സഭ സ്പീക്കർ ഓം ബിർള രാജസ്ഥാനിലെ കോട്ടിലാണ് മത്സരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ് ആൽവാറിലും അർജുൻ രാം മേഗ്‌വാൾ ബികനീറിലും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജോദ്പൂരിലും കൈലാഷ് ചൗധരി ബാർമറിലും മത്സരിക്കും. ബിജെപിയുടെ രാജസ്ഥാൻ ഘടകം പ്രസിഡൻറ് ചന്ദ്ര പ്രകാശ് ജോലി ചിത്തോഗഢിലാണ് പോരാടാനിറങ്ങുന്നത്. സംസ്ഥാന മന്ത്രി മഹേന്ദ്ര ജീത് സിംഗ് മാളവ്യ ബൻസ്‌വാരയിലും അങ്കം കുറിക്കും.

ബിജെപിയിലെ പ്രശ്‌നങ്ങൾ?

വസുന്ധര രാജെ സിന്ധ്യ ഉയർത്തുന്ന പ്രശ്‌നങ്ങൾ രാജസ്ഥാൻ ബിജെപിയിൽ തലവേദനയാകാറുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയും തനിക്കാണെന്ന് വസുന്ധര രാജെ സിന്ധ്യ അറിയിക്കുകയും മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാൽ രാജസ്ഥാനിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും ജൽറാപഠാനിലെ എംഎൽഎയുമായ വസുന്ധര രാജെ സിന്ധ്യയെ പാർട്ടി പരിണിച്ചില്ല. ഏറെനാൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ ഭജൻലാൽ ശർമ്മയെ രാജസ്ഥാൻ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു പാർട്ടി. കന്നി തെരഞ്ഞെടുപ്പിൽ വിജയിച്ച് എം.എൽ.എയാകുകയും തുടർന്ന് മുഖ്യമന്ത്രിയാകുകയും ചെയ്യുന്നെന്ന നേട്ടവും ഭജൻലാൽ ശർമ്മക്ക് ലഭിച്ചിരുന്നു. ബ്രാഹ്മണ സമുദായത്തിൽനിന്നുള്ള നേതാവായ ഭജൻലാൽ ശർമ സംഘടനാരംഗത്ത് പ്രമുഖനാണ്. ദിയാ കുമാരിയും പട്ടികജാതി നേതാവ് പ്രേംചന്ദ് ബൈർവയുമാണ് ഉപമുഖ്യമന്ത്രിമാരായത്. മുൻ ജയ്പൂർ രാജകുടുംബാംഗവും രാജ്സമന്ദിൽ നിന്നുള്ള എംപിയുമാണ് ഉപമുഖ്യമന്ത്രിയായ ദിയാ കുമാരി. വിദ്യാധർ നഗർ മണ്ഡലത്തിൽ നിന്നാണ് ദിയാകുമാരി വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി സീതാറാം അഗർവാളിനെ 71,000 വോട്ടുകൾക്കാണ് ഇവർ പരാജയപ്പെടുത്തിയത്. ജയ്പൂർ നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മാൻ സിംഗ് രണ്ടാമന്റെ ചെറുമകളാണ് ദിയാകുമാരി.

ജയ്പൂരിനടുത്തുള്ള ഡുഡു നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് ഉപമുഖ്യമന്ത്രിമാരിലൊരാളായ പ്രേംചന്ദ് ബൈർവ. നവംബർ 25ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ബാബുലാൽ നഗറിനെതിരെ 35,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ഒരു ബ്രാഹ്മണ മുഖത്തെ മുഖ്യമന്ത്രിയായും രജപുത്ര, പട്ടികജാതി നേതാക്കളെ ഉപമുഖ്യമന്ത്രിമാരായും തെരഞ്ഞെടുത്തത് ജാതി സമവാക്യങ്ങൾ സന്തുലിതമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമായാണ് വിലയിരുത്തപ്പെട്ടിരുന്നത്.

രാജസ്ഥാനിലെ ജാതി സമവാക്യങ്ങൾ

രാജസ്ഥാനിലെ ജനസംഖ്യ ഏകദേശം 56,473,122 ആണ്. ജാട്ട്, രജപുത്, ഗുജ്ജാർ, മീണ തുടങ്ങിയവയാണ് പ്രധാന ജാതികൾ. നാല് പട്ടിക ജാതി(എസ്.സി) മണ്ഡലങ്ങളും മൂന്ന് പട്ടിക വർഗ (എസ്.ടി) മണ്ഡലങ്ങളുമുള്ള സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജാതി സമവാക്യങ്ങൾ നിർണാകയമാണ്. പ്രത്യേകിച്ച് നഗൗർ, കരൗളി -ധോൽപ്പൂർ, ബൻസവാര മണ്ഡലങ്ങളിൽ. ജാട്ടുകൾക്ക് സ്വാധീനമുള്ള നഗൗരിൽ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ ഹനുമാൻ ബെനിവാളാണ് നിലവിലെ എംപി. സമുദായത്തിൽനിന്ന് ശക്തമായ പിന്തുണയുള്ള നേതാവാണിദ്ദേഹം. ആറ് നിയമസഭാ സീറ്റുകളുള്ള നഗൗരിൽ 70 ശതമാനവും ജാട്ട് വോട്ടുകളാണെന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞത്. മുമ്പ് ബിജെപിക്കൊപ്പം സഖ്യത്തിലേർപ്പെട്ട ബെനിവാൾ ഇപ്പോൾ ആർക്കൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കരൗളി-ധോൽപ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ എട്ട് നിയമസഭാ സീറ്റുകളിൽ 2023ൽ അഞ്ചെണ്ണവും വിജയിച്ചത് കോൺഗ്രസാണ്. രണ്ടെണ്ണം മാത്രമാണ് ബിജെപിയുടെ കൈവശമുള്ളത്. ഒന്ന് ബിഎസ്പിയുടേതാണ്. ജാദവ വോട്ടുകളും മാലി വോട്ടുകളുമുള്ളതാണ് കരൗളി -ധോൽപ്പൂർ ലോക്‌സഭാ മണ്ഡലം. വൈശ്യ സമുദായത്തിന് ബിജെപിയോട് അനുഭാവമുണ്ടെങ്കിലും കോൺഗ്രസ് എംഎൽഎയായ രോഹിത് ബൊഹ്‌റയ്ക്ക് അവർക്കിടയിൽ സ്വാധീനമുണ്ട്.

TAGS :

Next Story