Quantcast

കശ്മീരില്‍ ജുമുഅ ഖുതുബക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വഖഫ് ബോര്‍ഡിൻ്റെ നീക്കത്തിനെതിരെ സിപിഎം

ആര്, എന്ത് മതപ്രഭാഷണം, എപ്പോള്‍ കേള്‍ക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് ഫാഷിസ്റ്റ് നടപടിയല്ലാതെ മറ്റൊന്നുമല്ലെന്ന് എം.എ ബേബി

MediaOne Logo

Web Desk

  • Published:

    16 Oct 2026 9:57 PM IST

MA Baby slams Waqf Boards proposed control over Friday sermons
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പള്ളികളിലും ദര്‍ഗകളിലും വെള്ളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണങ്ങള്‍ക്ക് (ഖുതുബ) ഏകീകൃത വിഷയങ്ങള്‍ നിശ്ചയിക്കാനുള്ള വഖഫ് ബോര്‍ഡിന്റെ നീക്കത്തിനെതിരെ സിപിഎം. ആര്, എന്ത് മതപ്രഭാഷണം, എപ്പോള്‍ കേള്‍ക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് ഫാഷിസ്റ്റ് നടപടിയല്ലാതെ മറ്റൊന്നുമല്ലെന്നും ഇത്തരം സ്വേച്ഛാധിപത്യ പ്രവണതകള്‍ ഒരിക്കലും അനുവദിക്കാനാവില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞു.

'പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ക്ക് ഏകീകൃത വിഷയം കൊണ്ടുവരാനും അവയുടെ ഉള്ളടക്കം ബോര്‍ഡിന്റെ കോര്‍ കമ്മിറ്റി മുന്‍കൂട്ടി അംഗീകരിക്കണമെന്നുമുള്ള ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ നിലപാട് മതസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ അടിവേരറുക്കുന്നതാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണിത്. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ മതസ്വാതന്ത്ര്യവും മതം സ്വതന്ത്രമായി ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നുണ്ട്. മറ്റ് മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ല. ആര്, എന്ത് മതപ്രഭാഷണം, എപ്പോള്‍ കേള്‍ക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് ഫാഷിസ്റ്റ് നടപടിയല്ലാതെ മറ്റൊന്നുമല്ല. ഇത്തരം സ്വേച്ഛാധിപത്യ പ്രവണതകള്‍ ഒരിക്കലും അനുവദിക്കാനാവില്ല.' -ബേബി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

വെള്ളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട പൊതുവിഷയങ്ങള്‍ കണ്ടെത്തി അന്തിമരൂപം നല്‍കുന്നതിനായി മുഫ്തിമാരും ഇമാമുമാരും ഖതീബുമാരും അടങ്ങുന്ന ഒരു കോര്‍ കമ്മിറ്റി രൂപീകരിക്കാനാണ് ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചത്. ജമ്മു കശ്മീരിലെ വിവിധ ചിന്താധാരകളെയും വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് 1,500 ഓളം മതപണ്ഡിതന്മാര്‍ യോഗത്തില്‍ നേരിട്ടും ജമ്മു മേഖലയില്‍ നിന്നുള്ളവര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയും പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു.

മതസ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനവും ധാര്‍മികത, ഐക്യം, സാമൂഹിക സൗഹാര്‍ദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രഭാഷണങ്ങള്‍ ഉറപ്പാക്കലുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജമ്മു കശ്മീരിലെ മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഡോ. സയ്യിദ് ദറക്ഷന്‍ അന്ദ്രാബി അവകാശപ്പെട്ടു. അതേസമയം, മുസ്‌ലിംകളുടെ മതപരമായ കാര്യങ്ങളിലും ആരാധനാ സ്വാതന്ത്ര്യത്തിലും ഇടപെടാനും നിയന്ത്രണം ഏര്‍പ്പെടുത്താനുമുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

TAGS :

Next Story