Quantcast

'ഭൂപരിഷ്‌കരണം, പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്ക് കോളജുകൾ'; ബിഹാറിൽ മഹാഗഡ്ബന്ധൻ പ്രകടനപത്രികയിൽ നിർണായക പ്രഖ്യാപനങ്ങൾ

മഹാഗഡ്ബന്ധൻ കോഡിനേഷൻ കമ്മിറ്റിയാണ് പ്രകടനപത്രികയിൽ അന്തിമ തീരുമാനമെടുക്കുക

MediaOne Logo

Web Desk

  • Published:

    15 Oct 2025 7:54 PM IST

ഭൂപരിഷ്‌കരണം, പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്ക് കോളജുകൾ; ബിഹാറിൽ മഹാഗഡ്ബന്ധൻ പ്രകടനപത്രികയിൽ നിർണായക പ്രഖ്യാപനങ്ങൾ
X

Rahul Gandhi | Photo | Indian Express

പട്‌ന: പിന്നാക്ക വിഭാഗക്കാരെയും സ്ത്രീകളെയും ലക്ഷ്യമിട്ട് നിർണായക പ്രഖ്യാപനങ്ങളുമായി ബിഹാറിൽ മഹാഗഡ്ബന്ധൻ സഖ്യത്തിന്റെ പ്രകടനപത്രിക. പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഓരോ സബ് ഡിവിഷനിലും ഹോസ്റ്റലുകളും എല്ലാ ബ്ലോക്കുകളിലും ഡിഗ്രി കോളജുകളും സ്ഥാപിക്കും. ഭൂപരിഷ്‌കരണത്തിൽ ബന്ദ്യോപാധ്യായ കമ്മീഷൻ നിർദേശങ്ങൾ നടപ്പാക്കും, കൃത്രിമങ്ങൾ ഒഴിവാക്കാൻ ബലാത്സംഗ അതിജീവിതകൾക്ക് മെഡിക്കൽ റിപ്പോർട്ട് പെട്ടെന്ന് ലഭ്യമാക്കും തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ എന്നാണ് വിവരം.

പ്രകടനപത്രിക ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കുമെന്നും അന്തിമ മിനുക്കുപണികൾ പുരോഗമിക്കുകയാണെന്നും മുന്നണിവൃത്തങ്ങളെ ഉദ്ധരിച്ച് 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. മഹാഗഡ്ബന്ധൻ കോഡിനേഷൻ കമ്മിറ്റിയാണ് പ്രകടനപത്രികയിൽ അന്തിമ തീരുമാനമെടുക്കുക.

ആർജെഡി നേതാവ് തേജസ്വി യാദവ് ആണ് കോഡിനേഷൻ കമ്മിറ്റി തലവൻ. പിസിസി അധ്യക്ഷൻ രാജേഷ് രാം, എഐസിസി ബിഹാർ ഇൻ- ചാർജ് കൃഷ്ണ അല്ലാവരു, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരാണ് അംഗങ്ങൾ.

ബന്ദ്യോപാധ്യായ കമ്മീഷൻ ശിപാർശകൾ ഉൾപ്പെടുത്താനുള്ള ആശയം ഇടത് പാർട്ടികളാണ് മുന്നോട്ടുവെച്ചത്. ഭൂവുടമകളുടെ എതിർപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കോൺഗ്രസിന് ഇക്കാര്യത്തിൽ എതിർപ്പുണ്ടായിരുന്നു. ആർജെഡി ഇതുവരെ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത ഭൂപരിഷ്‌കരണത്തെ കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ 2006ൽ ബിഹാർ സർക്കാർ നിയോഗിച്ച കമ്മീഷനാണ് ഡി.ബന്ദ്യോപാധ്യായ കമ്മീഷൻ. ബംഗാൾ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ദേബബ്രത ബന്ദ്യോപാധ്യായ ആയിരുന്നു കമ്മീഷൻ ചെയർമാൻ. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിദഗ്ധനായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. 2008ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇത് നടപ്പാക്കാൻ നിതീഷ് കുമാർ സർക്കാർ തയ്യാറായിരുന്നില്ല.

സ്ത്രീകളുടെ രണ്ട് ലക്ഷം വരെയുള്ള വായ്പ എഴുതിത്തള്ളൽ, 6,000ൽ താഴെ മാസവരുമാനമുള്ള 94.5 ലക്ഷം കുടുംബങ്ങൾക്ക് ഒറ്റത്തവണ സഹായം, സ്ത്രീകൾക്ക് 2,500 രൂപ സാമ്പത്തിക സഹായം, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി പുനസ്ഥാപിക്കും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ മറ്റു വാഗ്ദാനങ്ങൾ എന്നാണ് വിവരം.

TAGS :

Next Story