കോടതി വിധി പിതാവിന് അനുകൂലമായി; 82 കാരനെ കുത്തിക്കൊലപ്പെടുത്തി മകൻ
പിതാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ മകൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നാട്ടുകാരും പൊലീസും ചേർന്ന് പ്രതിയെ പിടികൂടി

- Published:
12 Jun 2026 11:21 AM IST

മുംബൈ: കോടതി വിധി പിതാവിന് അനുകൂലമായതോടെ നടുറോഡിൽ വെച്ച് 82 കാരനെ കുത്തിക്കൊലപ്പെടുത്തി മകൻ. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേലാണ് കൊല്ലപ്പെട്ടത്. മകൻ അബ്ദുൽ റഹിമാനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി ചെയ്യുന്ന അബ്ദുൽ റഹിമാൻ വീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും പിതാവിനെ ഉൾപ്പടെ കായികമായി ഉപദ്രവിക്കുന്നതും പതിവായിരുന്നു. ഗതികെട്ട് പിതാവ് ജാഫർ പട്ടേൽ പൂനൈയിലുള്ള മകളുടെ വീട്ടിലേക്ക് താമസം മാറി. അതിന് പിന്നാലെ തന്റെ അധ്വാനത്തിൽ ഉണ്ടാക്കിയ വീട്ടിൽ നിന്ന് മകനെ ഇറക്കിവിടാൻ നിയമസഹായം തേടുകയായിരുന്നു ജാഫർ പട്ടേൽ. രണ്ടുവർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ജാഫർ പട്ടേലിന് അനുകൂലമായ വിധി ലഭിച്ചത്.
കോടതിയിൽ നിന്ന് വിധി പകർപ്പ് വാങ്ങി മകളോടൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങവേയാണ് വഴിയിൽ തടഞ്ഞ് നിർത്തി അബ്ദുൽ റഹ്മാൻ കുത്തിപരിക്കേൽപ്പിച്ചത്. പിതാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ മകൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നാട്ടുകാരും പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Adjust Story Font
16
