ഭര്‍ത്താവ് വീട്ടില്‍ വൈകി വന്നതിച്ചൊല്ലി തര്‍ക്കം; പിന്നാലെ കൈക്കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി ഭാര്യ
ഗുരുതരമായി പരിക്കേറ്റ പെണ്‍കുഞ്ഞ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു

- Updated:
2026-01-21 09:33:07.0

ലാത്തൂർ: ഭര്‍ത്താവ് വീട്ടില്‍ വൈകി വന്നതിന് പിന്നാലെ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി അമ്മ. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ 30 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തു.
ശ്യാം നഗർ പ്രദേശത്ത് തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. വൈകിയെത്തിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പിന്നാലെ യുവതി കത്തിയെടുത്ത് മകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കൊലപാതകക്കുറ്റം ചുമത്തി സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടായിരുന്നു യുവതി മകളെ കൊലപ്പെടുത്തിയത്. കുഞ്ഞിന്‍റെ വയറിനും നെഞ്ചിലിലും മുഖത്തുമടക്കം നിരവധി സ്ഥലങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
അതേസമയം, മധ്യപ്രദേശിൽ തന്റെ അഞ്ച് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ മാതാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.ഗ്വാളിയോർ സ്വദേശിയായ ജ്യോതി റാത്തോഡിനെയാണ് ശിക്ഷിച്ചത്. തന്റെ വിവാഹേതര ബന്ധം വെളിപ്പെടുത്തുമെന്ന് ഭയന്ന് ജ്യോതി മകനായ ജതിനെ രണ്ട് നില കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു കൊന്നു എന്നായിരുന്നു കേസ്.
2023 ഏപ്രിലിലാണ് സംഭവം നടന്നത്. പൊലീസ് കോൺസ്റ്റബിളായ ധ്യാൻ സിംഗ് റാത്തോഡിന്റെ ഭാര്യയാണ് ജ്യോതി. അപകടമരണമെന്ന് കരുതിയിരുന്ന കേസാണ് പിതാവിന്‍റെ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞത്.
സംഭവം നടന്ന് 15 ദിവസങ്ങൾക്ക് ശേഷം, ജ്യോതി റാത്തോഡ് തന്റെ ഭർത്താവ് ധ്യാനിനോട് കുറ്റകൃത്യത്തെക്കുറിച്ച് തുറന്നുപറഞ്ഞതായി റിപ്പോർട്ടുണ്ട്. തുടര്‍ന്ന് ഭർത്താവ് തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. കൊലപാതകത്തിലെ പങ്ക് സമ്മതിക്കുന്ന ഓഡിയോ, വീഡിയോ സംഭാഷണങ്ങൾ , സിസിടിവി ദൃശ്യങ്ങൾ എന്നിവയും തെളിവായി സ്വീകരിച്ചുകൊണ്ടാണ് ജ്യോതിയെ കോടതി ശിക്ഷിച്ചത്.
Adjust Story Font
16
