Quantcast

'ബിജെപിയിൽ വനിത പ്രാതിനിധ്യം ഏറ്റവും കുറവ്'; കണക്കുകൾ നിരത്തി മഹുവ മൊയ്ത്ര

29 അംഗങ്ങളുള്ള തൃണമൂലിൽ 14 പേരും വനിതകളാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് മഹുവ ബിജെപിയെ ആക്രമിച്ചത്

MediaOne Logo
ബിജെപിയിൽ വനിത പ്രാതിനിധ്യം ഏറ്റവും കുറവ്; കണക്കുകൾ നിരത്തി മഹുവ മൊയ്ത്ര
X

ഡൽഹി: വനിത സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ബിജെപിയിലെ വനിതാ എംപിമാരുടെ പ്രാതിനിധ്യം മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് കുറവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

"പ്രിയ നരേന്ദ്ര മോദി, ലോക്സഭയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും വെച്ച് ഏറ്റവും കുറഞ്ഞ വനിതാ പ്രാതിനിധ്യമുള്ളത് താങ്കളുടെ പാർട്ടിക്കാണ്. 543 സീറ്റുകളുടെ അടിസ്ഥാനത്തിൽ വനിതാ സംവരണം ഇപ്പോൾ തന്നെ നടപ്പിലാക്കുക - എന്താണ് താങ്കളെ തടയുന്നത്? പൊള്ളവാഗ്ദാനങ്ങൾ ഇനി നടപ്പില്ല'' എന്നാണ് മഹുവ എക്സിൽ കുറിച്ചത്.

240 അംഗങ്ങളുള്ള ബിജെപിയിൽ 31 വനിതകൾ മാത്രമാണുള്ളത് (12.90%). കോൺഗ്രസ് (14.30%), തൃണമൂൽ കോൺഗ്രസ് (37.90%), ജെഡിയു (16.70%) തുടങ്ങിയ ഇതര പാർട്ടികളെ അപേക്ഷിച്ച് ബിജെപിയിലെ സ്ത്രീ പങ്കാളിത്തം വളരെ കുറവാണെന്ന് മഹുവ ചൂണ്ടിക്കാട്ടി. 29 അംഗങ്ങളുള്ള തൃണമൂലിൽ 14 പേരും (ഏകദേശം 38%) വനിതകളാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് മഹുവ ബിജെപിയെ ആക്രമിച്ചത്. മണ്ഡല പുനർനിർണയത്തിന് കാത്തുനിൽക്കാതെ നിലവിലെ സീറ്റുകളിൽ സംവരണം നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

രാജ്യത്ത് മണ്ഡല പുനര്‍നിര്‍ണയം നടത്തി ലോക്‌സഭ സീറ്റുകള്‍ വര്‍ധിപ്പിച്ച് വനിതാ സംവരണം നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു. ഭരണഘടനാ ഭേദഗതി ഉള്‍പ്പെടുന്നതിനാല്‍ ബില്ലുകള്‍ പാസാകാന്‍ ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. 528 പേരാണ് വോട്ട് ചെയ്തത്. എന്നാല്‍, 298 പേര്‍ മാത്രമാണ് അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു. ബില്‍ പാസാകാന്‍ 352 പേര്‍ അനുകൂലിക്കണമായിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവാണുണ്ടായത്.

TAGS :

Next Story