Quantcast

'50 ലക്ഷം കോടിയുടെ ബജറ്റ് പാസാക്കിയത് 12 മിനിട്ട് കൊണ്ട്, സംസാരം മാത്രമേയുള്ളൂ, പ്രവൃത്തിയില്ല'; മോദി സർക്കാറിന്റെ ജനാധിപത്യത്തെ കുറിച്ച് ഖാർഗെ

ഗൗതം അദാനി രണ്ട് -രണ്ടര കൊല്ലം കൊണ്ട് 12 ലക്ഷം കോടിയുടെ സമ്പത്ത് നേടിയത് എങ്ങനെയെന്ന ചോദ്യം 18-19 പ്രതിപക്ഷ പാർട്ടികൾ ചോദിക്കുകയാണെന്നും ഖാർഗെ

MediaOne Logo

Web Desk

  • Updated:

    2023-04-06 13:02:53.0

Published:

6 April 2023 10:47 AM GMT

Mallikarjun Kharge on Modi government
X

Mallikarjun Kharge

ന്യൂഡൽഹി: പാർലമെൻറ് സ്തംഭിച്ചതിനെ തുടർന്ന് ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ മാധ്യമങ്ങളെ കണ്ട് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആരംഭിക്കണമെന്ന ആവശ്യത്തിനോട് പുലർത്തുന്ന വിമുഖതയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുകയാണെന്ന് ഖാർഗെ ആരോപിച്ചു. ബജറ്റ് സെഷന്റെ അവസാന ദിനത്തിൽ പ്രതിപക്ഷം നയിച്ച 'ട്രൈകളർ മാർച്ചി'ന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സർക്കാർ ജനാധിപത്യ തത്വങ്ങൾ പരിഗണിക്കാത്തതിനാൽ പ്രതിപക്ഷം കനത്ത പോരാട്ടം നടത്തുകയാണെന്നും ഖാർഗെ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ ഉയർത്താൻ അനുവദിക്കാതിരിക്കുന്നത് തന്റെ 52 വർഷത്തെ കരിയറിലെ ആദ്യ അനുഭവമാണെന്നും കോൺഗ്രസ് തലവൻ കുറ്റപ്പെടുത്തി. ബജറ്റ് സെഷൻ സർക്കാർ അവതാളത്തിലാക്കിയെന്നും ഈ നില തുടരുന്നത്‌ ഏകാധിപത്യത്തിലേക്കാണ് ജനാധിപത്യത്തെ കൊണ്ടുപോകുകയെന്നും അദ്ദേഹം വിമർശിച്ചു.

'50 ലക്ഷം കോടിയുടെ ബജറ്റ് 12 മിനിട്ട് കൊണ്ടാണ് പാസാക്കിയത്. പ്രതിപക്ഷത്തിന് താൽപര്യമില്ലെന്ന് ആരോപിക്കുന്ന അവർ (ബിജെപി) സഭനടപടികൾ അലങ്കോലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്' ഖാർഗെ പറഞ്ഞു.

പുതിയ എഞ്ചിൻ വെച്ച് പഴയ ട്രെയിനുകൾ ഉദ്ഘാടനം ചെയ്യാൻ എന്തിനാണ് പ്രധാനമന്ത്രിയെന്നും പ്രാദേശിക എം.പിമാർ മതിയെന്നും അദ്ദേഹം പരിഹസിച്ചു. ട്രെയിനുകൾക്ക് ഫ്‌ളാഗ് ഓഫ് നടത്തുന്ന പ്രധാനമന്ത്രി നെടുനീളൻ പ്രസംഗങ്ങൾ നടത്തുകയാണെന്നും പറഞ്ഞു.

അദാനിക്കെതിരെയുള്ള ആരോപണങ്ങളിൽ ജെ.പി.സി അന്വേഷണം അനുവദിക്കാത്തത് സംശയകരമാണെന്നും ശതകോടീശ്വരനായ ഗൗതം അദാനി രണ്ട് -രണ്ടര കൊല്ലം കൊണ്ട് 12 ലക്ഷം കോടിയുടെ സമ്പത്ത് നേടിയത് എങ്ങനെയെന്ന ചോദ്യം 18-19 പ്രതിപക്ഷ പാർട്ടികൾ ചോദിക്കുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഈ ആവശ്യം അനുവദിക്കുന്നതിന് പകരം രാഹുൽ ഗാന്ധി ജനാധിപത്യം ഭീഷണി നേരിടുകയാണെന്ന് യു.കെയിൽ പറഞ്ഞതിന്റെ പേരിൽ മാപ്പ് പറയണമെന്ന് സർക്കാർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വിമർശിച്ചു. രാജ്യത്തിന്റെ സമ്പത്തിന് നഷ്ടമുണ്ടാകുന്ന കാര്യമുണ്ടായിട്ടും അന്വേഷണം അനുവദിക്കാത്തത് അവരുമായി ചില ബന്ധമുള്ളത് കൊണ്ടാണെന്നും ആരോപിച്ചു.

അതേസമയം, അദാനി വിഷയത്തിൽ പാർലമെന്റ് ഇന്നും സ്തംഭിച്ചു. ലോക്‌സഭ പിരിയുകയും രാജ്യസഭ രണ്ട് മണിവരെ നിർത്തിവെക്കുകയും ചെയ്തു. വിജയ് ചൗകിലേക്ക് പ്രതിപക്ഷ മാർച്ച് നടക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ഉയർത്തിക്കാട്ടി കോൺഗ്രസ് രംഗത്ത്‌വന്നു.

Mallikarjun Kharge on Modi government's democracy

TAGS :

Next Story