Quantcast

'ഞങ്ങൾക്ക് നീതി വേണം': ഗുസ്തി താരങ്ങളെ പിന്തുണച്ച് മമത ബാനര്‍ജിയുടെ മാര്‍ച്ച്

ഹസ്ര റോഡില്‍ നിന്ന് രവീന്ദ്ര സദനിലേക്കായിരുന്നു മാർച്ച്

MediaOne Logo

Web Desk

  • Updated:

    2023-05-31 14:22:21.0

Published:

31 May 2023 2:15 PM GMT

Mamata Banerjee extends support to wrestlers
X

കൊല്‍ക്കത്ത: ഗുസ്തി താരങ്ങളെ പിന്തുണച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മാര്‍ച്ച്. കൊൽക്കത്തയിലെ ഹസ്ര റോഡില്‍ നിന്ന് രവീന്ദ്ര സദനിലേക്കായിരുന്നു മാർച്ച്. പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ കയ്യേറ്റം ചെയ്യുകയും വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

'ഞങ്ങൾക്ക് നീതി വേണം' എന്നെഴുതിയ പ്ലക്കാർഡും പിടിച്ചാണ് മമത മാര്‍ച്ചില്‍ പങ്കെടുത്തത്- "ഗുസ്തിക്കാരെ ക്രൂരമായി മർദിച്ചു. ഇത് ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. ഗുസ്തിതാരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം. അവരോട് പോരാട്ടം തുടരാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്".

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി അധ്യക്ഷനുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളുടെ സമരം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉള്‍പ്പെടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച നാളെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ചു. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ബ്രിജ്ഭൂഷന്‍റെ കോലം കത്തിച്ചു സമരം നടത്താനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. നാളെ മുസഫർ നഗറിൽ ചേരുന്ന ഖാപ് മഹാപഞ്ചായത്തിൽ ഭാവി സമര പരിപാടികൾ തീരുമാനിക്കും.

കായികതാരങ്ങൾക്ക് പിന്തുണയുമായി അന്തർദേശീയ കായിക സംഘടനകളും രംഗത്ത് എത്തിയതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ റസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഫിലിയേഷൻ റദ്ദാക്കുമെന്ന് യുണൈറ്റഡ് വേൾഡ് റസലിങ് മുന്നറിയിപ്പ് നൽകി. താരങ്ങളുമായും കേന്ദ്ര സർക്കാരുമായും ചർച്ച നടത്തുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്. അന്വേഷണം തീരുന്നതുവരെ ഗുസ്തി താരങ്ങൾ കാത്തിരിക്കണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു.

Summary- West Bengal Chief Minister Mamata Banerjee on Wednesday took to the streets here to protest against the alleged manhandling of wrestlers at New Delhi's Jantar Mantar

TAGS :

Next Story