Quantcast

ബംഗാളിൽ മമതയും വീണു; ഭവാനിപൂരിൽ സുവേന്ദു അധികാരിക്ക് ജയം

ബിജെപി നേതാവ് സുവേന്ദു അധികാരി 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മമതയെ പരാജയപ്പെടുത്തിയത്

MediaOne Logo
ബംഗാളിൽ മമതയും വീണു; ഭവാനിപൂരിൽ സുവേന്ദു അധികാരിക്ക് ജയം
X

ഭവാനിപൂർ: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനർജി സ്വന്തം തട്ടകമായ ഭവാനിപൂരിൽ പരാജയപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരി 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മമതയെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ മമത ബാനർജി വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നെങ്കിലും അവസാന റൗണ്ടുകളിൽ സുവേന്ദു അധികാരി അപ്രതീക്ഷിത മുന്നേറ്റം നടത്തുകയായിരുന്നു. ആറാം റൗണ്ട് പൂർത്തിയായപ്പോൾ 19,000 വോട്ടുകൾക്കും പത്താം റൗണ്ടിൽ 12,000 വോട്ടുകൾക്കും മമത മുന്നിലായിരുന്നുവെങ്കിലും പിന്നീടുള്ള റൗണ്ടുകളിൽ സുവേന്ദു ലീഡ് തിരിച്ചുപിടിക്കുകയും വിജയം ഉറപ്പിക്കുകയും ചെയ്തു.

പരാജയത്തിന് പിന്നാലെ കേന്ദ്ര സേനയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മമത ബാനർജി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും പലയിടങ്ങളിലും ബോധപൂർവം വോട്ടെണ്ണൽ തടസപ്പെടുത്തിയതായും അവർ ആരോപിച്ചു. നൂറിലധികം സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണെന്നും എന്നാൽ യഥാർഥ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും മമത പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചും സിസിടിവി ക്യാമറകൾ ഓഫ് ചെയ്തും അട്ടിമറിക്ക് ശ്രമം നടന്നതായും മമത ആരോപിച്ചു. പോളിങ് ഏജന്റുമാർ ഒരു കാരണവശാലും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് മാറരുതെന്ന് അവർ കർശന നിർദേശം നൽകിയിരുന്നു.

അതേസമയം, വിജയത്തിൽ ബിജെപി ക്യാമ്പ് വലിയ ആവേശത്തിലാണ്. ബംഗാളിലെ ജനങ്ങൾ തൃണമൂൽ സർക്കാരിനെ തള്ളിക്കളഞ്ഞുവെന്നും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. ഭവാനിപൂരിലെയും നന്ദിഗ്രാമിലെയും ജനവിധി ബിജെപിക്കൊപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മമത ബാനർജിയും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ജനങ്ങൾ വിജയിച്ചുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പ്രതികരിച്ചത്. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയും നിലനിന്നിരുന്നു.

2021ൽ 215 സീറ്റുകൾ നേടി വൻ വിജയം കുറിച്ച തൃണമൂൽ കോൺഗ്രസ് ഇത്തവണ നൂറിൽ താഴെ സീറ്റുകളിലേക്ക് ഒതുങ്ങിയത് പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നിലനിന്നിരുന്ന ശക്തമായ ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളുമാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നതെങ്കിലും എസ്‌ഐആറിലൂടെ വെട്ടിമാറ്റിയ വോട്ടുകൾ വലിയ തോതിൽ ബിജെപിയുടെ വിജയത്തെ സഹായിച്ചിട്ടുണ്ട്. അധ്യാപക നിയമന അഴിമതിയും മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തതും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചു. കൂടാതെ ശാരദ, റോസ് വാലി തുടങ്ങിയ തട്ടിപ്പ് കേസുകളും തെരഞ്ഞെടുപ്പിൽ ബിജെപി സജീവ ചർച്ചയാക്കിയിരുന്നു. ഈ ഘടകങ്ങളെല്ലാം ചേർന്നാണ് ബംഗാളിൽ മമതയുടെ പതനത്തിന് വഴിയൊരുക്കിയത്.

TAGS :

Next Story