'അന്ന് സിപിഎം ചെയ്തത് ശരി', ഞങ്ങൾക്ക് തെറ്റ് പറ്റി, ആ കാര്യത്തിന് ഞാൻ സിപിഎമ്മിനോട് നന്ദി പറയുന്നു: മമത ബാനർജി
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 12 ടിഎംസി പ്രവർത്തകർ കൊല്ലപ്പെട്ടതായി മമതാ ബാനർജി

- Published:
2 Jun 2026 10:50 PM IST

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 12 ടിഎംസി പ്രവർത്തകർ കൊല്ലപ്പെട്ടതായി മമതാ ബാനർജി. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ അറസ്റ്റിലായതായും മറ്റു പലർക്കും നാടുവിട്ട് പോകേണ്ടി വന്നതായും മമത ബാനർജി പറഞ്ഞു.
ജനാധിപത്യപരമായ പ്രതിഷേധങ്ങൾ തടസപ്പെടുത്തപ്പെടുകയാണ്. തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കൽ, പാർട്ടി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ, നീറ്റ് (NEET) പരീക്ഷയിലെ ക്രമക്കേടുകൾ എന്നിവയ്‌ക്കെതിരെ കൊൽക്കത്തയിൽ ടിഎംസി നടത്താനിരുന്ന ധർണയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചു.
ഔദ്യോഗിക അനുമതി ലഭിച്ചില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകും. അവിടെ ധർണ്ണ നടത്താൻ തങ്ങളെ അനുവദിച്ചില്ലെങ്കിൽ, എവിടെയാണോ തടയുന്നത് അവിടെ ഇരിക്കും. അറസ്റ്റ് വരിക്കാൻ തയാറാണെന്നും മമത കൂട്ടിചേർത്തു.
അതേസമയം, പാർട്ടിയിലെ കൊഴിഞ്ഞു പോക്കിലും മുൻ മുഖ്യമന്ത്രി പ്രതികരിച്ചു. ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ പാർട്ടിയുടെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയാൽ ചില നേതാക്കൾ പാർട്ടിയിലേക്ക് മടങ്ങിവരാൻ തയാറാണെന്നൊരു സന്ദേശം തനിക്ക് ലഭിച്ചിരുന്നതായി മമത ബാനർജി അവകാശപ്പെട്ടു.
"ഈ ആളുകളെ എനിക്ക് നന്നായി അറിയാം. യാതൊരുവിധ പ്രത്യയശാസ്ത്രമോ തത്ത്വങ്ങളോ ഇല്ലാത്തവർക്ക് ഞങ്ങളോട് വ്യവസ്ഥകൾ വെക്കാൻ കഴിയില്ല. അഭിഷേക് ബാനർജിയുടെ വളർന്നുവരുന്ന രാഷ്ട്രീയ സ്വാധീനം കാരണമാണ് ബിജെപി അദ്ദേഹത്തെ ലക്ഷ്യമിടുന്നത്. ആക്രമണത്തിന് ഇരയായ അദ്ദേഹത്തിന് കൃത്യമായ ചികിത്സ നിഷേധിക്കപ്പെട്ടു. ഇപ്പോൾ ടിഎംസി വിടുന്ന പല നേതാക്കളും വർഷങ്ങളോളം അധികാരവും പദവികളും ആസ്വദിച്ചവരാണെന്നും എന്നാൽ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായിട്ടാണ് അവർ ചേരി മാറുന്നത്" എന്നും മമത കൂട്ടിചേർത്തു.
പാർട്ടിയിൽ നിന്ന് പുറത്താക്കിയ സന്ദീപൻ സാഹയെയും ഋതബ്രത ബാനർജിയെയും അവർ പരിഹസിച്ചു. 2017ൽ സിപിഎം അദ്ദേഹത്തെ പുറത്താക്കിയതിന് ശേഷം പാർട്ടിയിൽ അഭയം നൽകിയത് തങ്ങൾ കാണിച്ച തെറ്റാണെന്ന് മമത പറഞ്ഞു.
"അദ്ദേഹത്തെ പുറത്താക്കിയതിന് ഞാൻ സിപിഎമ്മിനോട് നന്ദി പറയുന്നു. അദ്ദേഹം വന്ന് എന്റെ കാൽക്കൽ വീണ് ഒരു അവസരം ചോദിച്ചപ്പോൾ അദ്ദേഹത്തിന് ടിക്കറ്റ് നൽകിയതാണ് ഞങ്ങൾക്ക് പറ്റിയ തെറ്റ്. ഞങ്ങൾ അദ്ദേഹത്തെ വിശ്വസിക്കുകയും അദ്ദേഹത്തിന് അവസരം നൽകാനായി മറ്റുള്ളവർക്ക് ടിക്കറ്റ് നിഷേധിക്കുകയും വരെ ചെയ്തു. ഇന്ന് അദ്ദേഹം പാർട്ടിയെയും അദ്ദേഹത്തെ തിരഞ്ഞെടുത്ത ജനങ്ങളെയും വഞ്ചിച്ചിരിക്കുന്നു. അന്ന് അയാളെ പുറത്താക്കിയ സിപിഎം തീരുമാനം ശരിയായിരുന്നു. ഞങ്ങൾ അയാളെ രക്ഷിക്കാൻ നോക്കിയത് തെറ്റായിപ്പോയി. അവർ പോയതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. ഞങ്ങൾ പാർട്ടി പുനർനിർമ്മിക്കും " മമത പറഞ്ഞു.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവും ഭരണപരമായ നടപടികളും ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി അനുകൂലികളെ ഭയപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നതായി മമത ആരോപിച്ചു.
Adjust Story Font
16
