Quantcast

എംപിമാർ ബിജെപിയുമായി അടുക്കുന്നുവെന്ന് സൂചന; അടിയന്തര യോഗം വിളിച്ച് മമത

പാർട്ടിയുടെ മുതിർന്ന നേതാക്കൾ എംഎൽഎമാർ, എംപിമാർ എന്നിവർ യോഗത്തിന് എത്തണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്

MediaOne Logo
എംപിമാർ ബിജെപിയുമായി അടുക്കുന്നുവെന്ന് സൂചന; അടിയന്തര യോഗം വിളിച്ച് മമത
X

കൊൽക്കത്ത: തൃണമൂൽ എംപിമാർ ബിജെപി നേതൃത്വവുമായി അടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ അടിയന്തര യോഗം വിളിച്ച് മമത ബാനർജി. കാളിഘട്ടിലുള്ള വസതിയിലാണ് മമത യോഗം വിളിച്ചിരിക്കുന്നത്. പാർട്ടിയുടെ മുതിർന്ന നേതാക്കൾ എംഎൽഎമാർ, എംപിമാർ എന്നിവർ യോഗത്തിന് എത്തണമെന്ന നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയും എംഎൽഎമാരുടെ വിമതപ്രവർത്തനവും ഉണ്ടാക്കിയ ആഘാതത്തിന് പിന്നാലെയാണ് എംപിമാർ ബിജെപിയിലേക്ക് എന്ന രീതിയിലുള്ള വാർത്തകൾ വരുന്നത്.

എംപിമാർ ആദ്യം വിമത ക്യാമ്പിലേക്ക് എന്ന രീതിയിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവന്നിരുന്നത്. ബിജെപി നേതൃത്വം എംപിമാരുമായി ബന്ധപ്പെടുന്നുണ്ട് എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അടിയന്തരയോഗം വിളിച്ച് ചേർത്തിരിക്കുന്നത്. പാർട്ടി ദേശിയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി തെരുവിൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ മമതയുടെ വീട്ടിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് എംഎൽഎമാർക്കിടയിലെ ഭിന്നത മറനീക്കിയത്. 80 എംഎൽഎമാരിൽ 20 പേർ മാത്രമാണ് അന്ന് യോഗത്തിനെത്തിയത്. പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള തർക്കം പിളർപ്പിൽ കലാശിച്ചത്.

ഇന്ന് വീണ്ടും യോഗം ചേരുമ്പോൾ ആരൊക്കെ എത്തുമെന്നത് ശ്രദ്ധേയമാണ്. അതേസമയം, തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാർക്കിടയിലും അഭിപ്രായ ഭിന്നത രൂക്ഷമാണ്. മമത ബാനർജിക്ക് എന്ത് പദവി നൽകണമെന്നത് സംബന്ധിച്ചാണ് തർക്കം. മമത ബാനർജി ഉപദേശകയായി തുടരണമെന്നാണ് പ്രതിപക്ഷനേതാവ് ഋതബ്രത ബാനർജി നിലപാട് എടുത്തിരുന്നത്. എന്നാൽ, അതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.

അതേസമയം, ഋതബ്രതയെ പിന്തുണച്ചിരുന്ന ചില എംഎൽഎമാരെ അനുനയിപ്പിച്ച് സ്വന്തം പാളയത്തിൽ എത്തിക്കാൻ മമതയ്ക്ക് സാധിക്കുന്നുണ്ടെന്ന സൂചനകളും പുറത്തുവരുന്നു. വരാനിരിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് തൃണമൂലിലെ ഒരുവിഭാഗം എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ ബിജെപി. ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ട്. തൃണമൂൽ എംപിമാരെ അടർത്തിയെടുത്ത് ഒപ്പം നിർത്താനുള്ള ബിജെപിയുടെ നീക്കത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് മമത യോഗം വിളിച്ചത്.

TAGS :

Next Story