Quantcast

'മമത എനിക്ക് വളരെ അടുപ്പമുള്ളയാൾ'; അമിത് ഷായ്ക്ക് വിരുന്നൊരുക്കിയതിനു പിന്നാലെ സൗരവ് ഗാംഗുലി

അതിഥികളെ സ്വീകരിക്കുന്നത് ബംഗാളികളുടെ സംസ്‌കാരമാണെന്നും അമിത് ഷായ്ക്ക് മിഷ്ടി ദഹി നൽകാൻ ഗാംഗുലിയോട് താൻ പറയുമെന്നും മമത പ്രതികരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    7 May 2022 2:41 PM GMT

മമത എനിക്ക് വളരെ അടുപ്പമുള്ളയാൾ; അമിത് ഷായ്ക്ക് വിരുന്നൊരുക്കിയതിനു പിന്നാലെ സൗരവ് ഗാംഗുലി
X

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അത്താഴ വിരുന്നൊരുക്കിയതിനു പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള അടുത്ത ബന്ധം വിവരിച്ച് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. മമത തന്റെ അടുത്തയാളാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ പറഞ്ഞു.

കൊൽക്കത്തയിൽ ഒരു സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഗാംഗുലി ഇക്കാര്യം സൂചിപ്പിച്ചത്. ''മുഖ്യമന്ത്രി മമതാ ബാനർജി എനിക്ക് വളരെ അടുപ്പമുള്ളയാളാണ്. ഈ ആശുപത്രി തുടങ്ങാനായി നടന്ന ഡോക്ടറെ ഞാൻ അവരുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നു. ഒട്ടും വൈകാതെ തന്നെ അവർ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.''- ഗാംഗുലി വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം വൈകീട്ടാണ് ഗാംഗുലിയുടെ കൊൽക്കത്തയിലെ വസതിയിൽ അമിത് ഷാ അത്താഴ വിരുന്നിനെത്തിയത്. മുൻ ഇന്ത്യൻ താരം രാഷ്ട്രീയപ്രവേശത്തിനൊരുങ്ങുന്നതായും ഇതിന്റെ മുന്നോടിയായാണ് വിരുന്നെന്നുമുള്ള തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, സന്ദർശനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് ഗാംഗുലി മാധ്യമങ്ങളോട് നേരത്തെ വ്യക്തമാക്കിയത്. അമിത് ഷായെ ഒരു പതിറ്റാണ്ടായി അറിയാമെന്നും നിരവധി തവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട്. 2008 മുതൽ അദ്ദേഹത്തെ എനിക്ക് പരിചയമുണ്ട്. കളിക്കുന്ന സമയത്ത് ഞങ്ങൾ കണ്ടിരുന്നു. എന്നാൽ, മിക്ക സമയത്തും ഓരോ പര്യടനങ്ങളിലായതിനാൽ അധികം കാണാനായിട്ടില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ മകനൊപ്പം ജോലി ചെയ്യുകയും ചെയ്യുന്നു.''- ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

അമിത് ഷായ്ക്ക് ഗാംഗുലി വിരുന്നൊരുക്കിയതിനെ കുറിച്ച് മമതയും പ്രതികരിച്ചിരുന്നു. അതിഥികളെ സ്വീകരിക്കുന്നത് ബംഗാളികളുടെ സംസ്‌കാരമാണെന്നായിരുന്നു അവരുടെ പ്രതികരണം. ''അമിത് ഷാ ഗാംഗുലിയുടെ വീട്ടിൽ പോകുന്നതിൽ എന്താണ് തെറ്റ്? അദ്ദേഹത്തിന് മിഷ്ടി ദഹി നൽകാൻ ഗാംഗുലിയോട് ഞാൻ പറയും.''- മമത കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല അമിത് ഷായും സൗരവ് ഗാംഗുലിയും തമ്മിലുള്ള കൂടിക്കാഴ്ച വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഗാംഗുലി ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. മമതയ്‌ക്കെതിരെ ഗാംഗുലിയെ മുന്നിൽനിർത്തിയാകും ബി.ജെ.പിയുടെ പോരാട്ടമെന്നായിരുന്നു പ്രചാരണം. എന്നാൽ, ബി.ജെ.പിയിൽ ചേരുന്നതായുള്ള വാർത്തകൾ തള്ളി ഗാംഗുലി തന്നെ പിന്നീട് രംഗത്തെത്തി.

Summary: ''Mamata Banerjee very close to me'', says Sourav Ganguly a day after hosting Amit Shah for dinner

TAGS :

Next Story