'വോട്ട് അട്ടിമറിക്കാൻ ശ്രമിച്ചാൽ ജീവൻ നൽകി പോരാടും': ഭവാനിപൂരിലെ സ്ട്രോങ്ങ് റൂമിൽ അർദ്ധരാത്രി മിന്നൽ സന്ദർശനം നടത്തി മമത ബാനർജി
സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് എത്തിയതെന്ന് മമത

- Published:
1 May 2026 8:25 AM IST

മമത ബാനർജി Photo-PTI
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) തിരിമറി നടക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി.
വ്യാഴാഴ്ച രാത്രി വൈകി കൊൽക്കത്തയിലെ ഭവാനിപൂർ മണ്ഡലത്തിലെ ഇവിഎം സ്ട്രോങ്ങ് റൂമിൽ മമത നേരിട്ടെത്തി പരിശോധന നടത്തി. വോട്ടിംഗ് മെഷീനുകളിലോ വോട്ടെണ്ണൽ പ്രക്രിയയിലോ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കാട്ടിയാൽ അത് ജീവൻമരണ പോരാട്ടത്തിന് വഴിവെക്കുമെന്ന് അവർ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കടുത്ത മുന്നറിയിപ്പ് നൽകി.
സൗത്ത് കൊൽക്കത്തയിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് മമത എത്തിയത്. മഴയെ അവഗണിച്ചെത്തിയ അവർ ഏകദേശം നാല് മണിക്കൂറോളം അവിടെ ചെലവഴിച്ചു. സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് താൻ എത്തിയതെന്ന് മമത പറഞ്ഞു. പലയിടങ്ങളിലും ഇവിഎം കൃത്രിമം നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. തുടക്കത്തിൽ കേന്ദ്രസേന തന്നെ തടഞ്ഞുവെന്നും എന്നാൽ ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ സ്ട്രോങ്ങ് റൂം വരെ പോകാൻ തനിക്ക് അവകാശമുണ്ടെന്നും മമത വ്യക്തമാക്കി.
"ആരെങ്കിലും വോട്ടിംഗ് മെഷീനുകൾ മോഷ്ടിക്കാനോ വോട്ടെണ്ണലിൽ തിരിമറി നടത്താനോ ശ്രമിച്ചാൽ, ഞങ്ങൾ ജീവിതകാലം മുഴുവൻ പോരാടും. ഇതൊരു ജീവൻമരണ പോരാട്ടമായിരിക്കും"- മമത മാധ്യമങ്ങളോട് പറഞ്ഞു. മെയ് 4-നാണ് വോട്ടെണ്ണൽ. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായ സൂചനകൾ നൽകുന്നതിനിടെയാണ് സ്ട്രോങ്ങ് റൂമുകൾക്ക് 24 മണിക്കൂറും കാവൽ നിൽക്കാൻ മമത തന്റെ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, സ്ട്രോങ്ങ് റൂമുകൾ സുരക്ഷിതമാണെന്നും ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Adjust Story Font
16
