'എനിക്കെതിരെ 19 സംസ്ഥാനങ്ങളും കേന്ദ്രവും ഒന്നിക്കുന്നു, ബംഗാളില്‍ ബിജെപി അധികാരത്തിലെത്തില്ല': മമത ബാനർജി
ഡൽഹിയിൽ നിന്നുള്ള സൈന്യത്തെയോ മറ്റ് സന്നാഹങ്ങളെയോ ഉപയോഗിച്ച് ബംഗാളിൽ വിജയിക്കാമെന്ന് ബിജെപി കരുതേണ്ടെന്നും മമത

- Updated:
2026-04-13 17:40:21.0

മമത ബാനര്‍ജി Photo-PTI
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി.
തനിക്കെതിരെ 19 സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും കൈകോർത്തിരിക്കുകയാണെന്നും, എന്നാൽ സാധാരണക്കാർക്കായി താൻ ഏകയായി പോരാടുമെന്നും മമത ബാനർജി പ്രഖ്യാപിച്ചു. ബീർഭും ജില്ലയിലെ സൂരിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഡൽഹിയിൽ നിന്നുള്ള സൈന്യത്തെയോ മറ്റ് സന്നാഹങ്ങളെയോ ഉപയോഗിച്ച് ബംഗാളിൽ വിജയിക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മുന്നറിയിപ്പ് നൽകി. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 226-ലധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബിജെപിയുടെ വഴിവിട്ട നീക്കങ്ങൾ പിടികൂടാതിരിക്കാൻ ബംഗാളിലെ ഉദ്യോഗസ്ഥരെയും പൊലീസുകാരെയും മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റുകയാണ്. വോട്ടർമാരെ സ്വാധീനിക്കാൻ പണം, ലഹരിമരുന്ന്, ആയുധങ്ങൾ എന്നിവ സംസ്ഥാനത്തേക്ക് കടത്തുന്നു.ബിഹാറിൽ നിന്ന് ട്രെയിനുകളിലും ബസുകളിലുമായി വോട്ടർമാരെ ബംഗാളിലേക്ക് എത്തിച്ച് കള്ളവോട്ട് ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യമാണ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ളത്. ഈ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് തന്നെ തകർക്കാൻ ശ്രമിക്കുമ്പോഴും താൻ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് മമത ബാനർജി വ്യക്തമാക്കി. എസ്‌ഐആർ വലിയൊരു തട്ടിപ്പാണെന്നും ഇത് കോടികളുടെ കളിയാണെന്നും മമത ആരോപിച്ചു. 294 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഫലം മെയ് 4ന് പ്രഖ്യാപിക്കും.
Adjust Story Font
16
