മംഗളൂരു മേൽപാലത്തിൽ ബൈക്ക് തടഞ്ഞ് യാത്രികനെ വെട്ടിക്കൊന്നു
അക്രമികൾ ഉപയോഗിച്ചതായി കരുതുന്ന കാർ കണ്ടെത്തി

- Published:
28 March 2026 10:24 AM IST

മംഗളൂരു: മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
ഉള്ളാൾ ഉച്ചിലക്കടുത്ത മുള്ളുഗുഡ്ഡെ നിവാസി ടാബ്‌ലെറ്റ് ആരിഫ് എന്ന ആരിഫ് ഹുസൈനാണ് (42)കൊല്ലപ്പെട്ടത്. ആരിഫ് തന്റെ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ മംഗളൂരുവിലേക്ക് മീൻ കച്ചവടത്തിനായി പോവുകയായിരുന്നു.
കാർ നിറുത്തി കാത്തിരുന്ന സംഘം, പുലർച്ചെ മൂന്നരയോടെ ആരിഫിന്റെ ബൈക്ക് ഫ്ലൈഓവറിൽ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആരിഫ് കൊല്ലപ്പെട്ടു.
2022 മെയിൽ കൊലപാതക ശ്രമത്തിൽ നിന്നും ആരിഫ് രക്ഷപ്പെട്ടിരുന്നു. ജോലിസ്ഥലത്തേക്ക് പോകവെ, ബജാലിന് സമീപം ടോപ്പി നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കത്തി ഉപയോഗിച്ച് ആക്രമിച്ചിരുന്നത്. കുദ്രോളി നിവാസിയായ ആരിഫ്, ഏഴ് വർഷമായി അജ്ജിനട്കക്കടുത്തുള്ള മുള്ളുഗുഡ്ഡെയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് കുടുംബം.
ഡെപ്യൂട്ടി പൊലീസ് കമീഷണർ മിഥുന്റെ നേതൃത്വത്തിൽ പൊലീസ് സംഘങ്ങൾ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. അക്രമികൾ ഉപയോഗിച്ചതായി കരുതുന്ന കാർ വെള്ളിയാഴ്ച വൈകിട്ട് വിട്ടൽൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബുഡോളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
Adjust Story Font
16
