Quantcast

നാല് മാസം മുൻപ് പ്രണയവിവാഹം; സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തര പീഡനം, ഒടുവിൽ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി യുവാവ്

റേഡിയോളജിസ്റ്റായ അരുൺ ശര്‍മയാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    22 March 2026 2:41 PM IST

നാല് മാസം മുൻപ് പ്രണയവിവാഹം; സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തര പീഡനം, ഒടുവിൽ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി യുവാവ്
X

ഗുരുഗ്രാം: ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. റേഡിയോളജിസ്റ്റായ അരുൺ ശര്‍മയാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് ഗസിയാബാദ് സ്വദേശിയാണ് അരുൺ.

അരുൺ ശർമയും കൊല്ലപ്പെട്ട നഴ്‌സായ കാജലും ഗുരുഗ്രാമിലെ ഒരു നഴ്‌സിങ് ഹോമിൽ സഹപ്രവർത്തകരായിരുന്നു. മണിക്കൂറുകളോളം ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇവര്‍ പിന്നീട് സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞയുടനെ നിസ്സാരകാര്യങ്ങൾക്ക് അരുൺ ഭാര്യയെ ശാരീരികമായി ആക്രമിക്കാൻ തുടങ്ങിയെന്ന് കാജലിന്‍റെ സഹോദരൻ പറഞ്ഞു.സ്ത്രീധനത്തിന്‍റെ പേരിൽ പണം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും അയാൾ കൂട്ടിച്ചേര്‍ത്തു.

മാർച്ച് 4 ന് ഹോളി ദിനത്തിൽ, ദമ്പതികൾ ഗുരുഗ്രാമിലെ ഗർഹി ഹർസാരുവിൽ കാജലിന്‍റെ കുടുംബത്തോടൊപ്പം താമസിക്കാൻ എത്തിയിരുന്നു. പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് മാര്‍ച്ച് 17ന് മദ്യലഹരിയിൽ അരുൺ കാജലിനെ ശാരീരികമായി ആക്രമിച്ചെന്ന് പൊലീസ് പറയുന്നു. പിറ്റേന്ന് രാവിലെയും ഇരുവരും തമ്മിൽ ഉണ്ടാവുകയും കാജൽ അബോധാവസ്ഥയിലാവുകയുമായിരുന്നു. മൂക്കിൽ നിന്നും രക്തസ്രാവമുണ്ടാവുകയും ചെയ്തു. വീട്ടുകാര്‍ കാജലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ സമയത്താണ് കാജലിന്‍റെ കുടുംബം വീട്ടിലെ ശുചിമുറിയിൽ ഒരു സിറിഞ്ച് കണ്ടെടുക്കുന്നത്.

കാജലിനെ വിഷം കുത്തിവച്ച് കൊലപ്പടുത്തുകയായിരുന്നുവെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ അരുൺ സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മുൻപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. റെയിൽവെ സ്റ്റേഷനിൽ നിന്നാണ് അരുണിനെ അറസ്റ്റ് ചെയ്തത്. ഇയാളെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ വിടുമെന്ന് ഗുരുഗ്രാമിലെ സെക്ടർ 10 പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ കുൽദീപ് സിങ് പറഞ്ഞു.

ആന്തരികാവയവങ്ങൾ പരിശോധനക്കായി ലാബിലേക്ക് അയക്കുമെന്നും പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മരണകാരണം നിർണയിക്കുമെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞു.

TAGS :

Next Story