Quantcast

ധര്‍മ്മസ്ഥല; യുവതിയുടെ മൃതദേഹം അനധികൃതമായി സംസ്‌കരിച്ചത് കണ്ടതായി അറിയിച്ചയാള്‍ക്ക് ഭീഷണിയെന്ന് പരാതി

17 പേരടങ്ങുന്ന സംഘത്തിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ധർമ്മസ്ഥല പൊലീസിൽ നൽകിയ പരാതിയിൽ ജയന്ത് പറയുന്നു.

MediaOne Logo

Web Desk

  • Published:

    12 Aug 2025 9:57 PM IST

ധര്‍മ്മസ്ഥല; യുവതിയുടെ മൃതദേഹം അനധികൃതമായി സംസ്‌കരിച്ചത് കണ്ടതായി അറിയിച്ചയാള്‍ക്ക് ഭീഷണിയെന്ന് പരാതി
X

മംഗളൂരു: ധർമ്മസ്ഥലയില്‍ യുവതിയുടെ മൃതദേഹം അനധികൃതമായി സംസ്‌കരിച്ചത് കണ്ടതായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) അറിയിച്ച രണ്ടാമത്തെ പരാതിക്കാരനായ ടി.ജയന്തിന് വധഭീഷണി.

17 പേരടങ്ങുന്ന സംഘത്തിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ധർമ്മസ്ഥല പൊലീസിൽ നൽകിയ പരാതിയിൽ ജയന്ത് പറയുന്നു.

''എസ്‌ഐടിയെ സമീപിച്ച ദിവസം മുതൽ ചില വ്യക്തികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നുണ്ട്. അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു ഇത്. വസന്ത് ഗിലിയാർ, കിരിക് കീർത്തി, വികാസ് ശാസ്ത്രി, പവർ ടിവി മേധാവി രാകേഷ് ഷെട്ടി എന്നിവരില്‍ നിന്നാണ് ഭീഷണിയെന്നും''- പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

കൊല്ലുക എന്ന ലക്ഷ്യത്തോടെ ഒരു സംഘം തന്നെ പിന്തുടരുന്നുണ്ടെന്ന് ജയന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി പരിശോധിച്ചുവരികയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ പറഞ്ഞു.

അതേസമയം ധർമ്മസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം, സൈറ്റ് 13ൽ ആദ്യ ഘട്ട സ്കാനിംഗ് പൂർത്തിയാക്കി.

സൈറ്റ് 13ന് പുറമേ, എസ്‌ഐടിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, പുത്തൂർ അസിസ്റ്റന്റ് കമ്മീഷണർ സ്റ്റെല്ല വർഗീസ്, മറ്റ് വിദഗ്ധർ എന്നിവരുൾപ്പെടെ 60 ഓളം പേരുടെ സംഘം നേത്രാവതി അജികുരി റോഡിന് സമീപം 100 മീറ്ററിലധികം ജിപിആർ സ്കാനിംഗ് നടത്തി.

സ്കാനിംഗ് പൂർത്തിയായപ്പോൾ ഒരു മണ്ണുമാന്തി യന്ത്രവും സ്ഥലത്തേക്ക് കൊണ്ടുവന്നു. സ്കാനിംഗിന് ശേഷം ഗ്രൂപ്പിലെ അംഗങ്ങൾ സ്ഥലം പരിശോധന ആരംഭിച്ചു. എസ്‌ഐടി തലവൻ ഡോ. പ്രണബ് മൊഹന്തി ചൊവ്വാഴ്ച സ്ഥലത്തെത്തി ഓപ്പറേഷന് നേതൃത്വം നൽകി. മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ് അദ്ദേഹം മടങ്ങിയത്.

ഇതിനിടെ ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട് എസ്‌ഐടി അന്വേഷണം കര്‍ണാടക നിയമസഭയിലും ചര്‍ച്ചയായി. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാൽ, അന്വേഷണം പൂർത്തിയാവാതെ ഇടക്കാല റിപ്പോർട്ട് പോലും നൽകാൻ സർക്കാർ വിസമ്മതിച്ചു.

അതേസമയം എസ്‌ഐടി അന്വേഷണം തുടരുന്നതിനിടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘം ധർമ്മസ്ഥല ഗ്രാമം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) യുവരാജ്, ഡിവൈഎസ്‌പി രവി സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ബെൽത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസ്, ധർമ്മസ്ഥല ഗ്രാമപഞ്ചായത്ത് ഓഫീസ്, ധർമ്മസ്ഥല പൊലീസ് സ്റ്റേഷൻ എന്നിവ സന്ദർശിച്ചാണ് ഉദ്യോഗസ്ഥരിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചത്.

TAGS :

Next Story