മണിപ്പൂരിൽ സംഘർഷം വ്യാപിക്കുന്നു; ഉക്രുൽ ജില്ലയിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധിച്ചു
ഉക്രുൽ ജില്ലയിലെ ലിറ്റാൻ സാരയ്ഖോങ് ഗ്രാമത്തിൽ ഇരുപതിലധികം നാഗാ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീയിട്ടു.

- Published:
11 Feb 2026 3:57 PM IST

ഇംഫാൽ: മണിപ്പൂരിലെ ഉക്രുൽ ജില്ലയിൽ കുക്കി-നാഗാ സംഘർഷം വ്യാപിക്കുന്നു. പ്രദേശത്ത് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ 5 ദിവസത്തേക്ക് ഇന്റർനെറ്റും നിരോധിച്ചു. പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയാൻ മുൻകരുതൽ നടപടിയായാണ് ഇന്റര്‍നെറ്റ് നിരോധനമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഉക്രുൽ ജില്ലയിലെ ലിറ്റാൻ സാരയ്ഖോങ് ഗ്രാമത്തിൽ ഇരുപതിലധികം നാഗാ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീയിട്ടു.
ഉക്രുൽ, കാംജോങ് ജില്ലകളിൽ കുക്കികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന താങ്കുൽ നാഗാ ഗോത്രത്തിന്റെ തീരുമാനമാണ് പുതിയ സംഘർഷത്തിന് തുടക്കമിട്ടത്. സമാധാനശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കലാപം വ്യാപിക്കുകയാണ്. കലാപം വ്യാപിക്കുമെന്ന ഭയത്തിൽ കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചു.
നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉക്രുൽ. ഇവിടത്തെ സായുധ നാഗാ ഗ്രൂപ്പുകളും സംഘർഷത്തിൽ പങ്കാളിയായതോടെ കുക്കി ഗോത്രവിഭാഗക്കാർ ഇവിടെ നിന്ന് പലായനം ചെയ്യുകയാണ്. ശനിയാഴ്ച ലിറ്റാൻ ഗ്രാമത്തിൽ നാഗാ യുവാവിനെ കുക്കി ഗോത്രത്തിൽപ്പെട്ട ചിലർ ആക്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്.
അതേസമയം ഇന്നലെ ലിറ്റാൻ പൊലീസ് സ്റ്റേഷനിൽ സമാധാന യോഗം ചേര്‍ന്നിരുന്നുവെങ്കിലും രംഗം ശാന്തമായിട്ടില്ല. ഉപമുഖ്യമന്ത്രി എൽ. ഡിഖോ, ഇരുവിഭാഗങ്ങളിലെയും സമുദായ നേതാക്കൾ, ഉന്നത പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. നേരത്തെ മെയ്തേയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിൽ നാഗാ വിഭാഗം വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ പ്രദേശത്തുണ്ടായ ഒരു അക്രമസംഭവമാണ് നാഗാ വിഭാഗത്തെയും ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചത്.
Adjust Story Font
16
