Quantcast

വിവാഹിതനായ പുരുഷന്റെ ലിവിങ്-ടുഗെദർ ബന്ധം കുറ്റകരമല്ല: അലഹബാദ് ഹൈക്കോടതി

ധാർമികതയും നിയമവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ പുരുഷൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി കാണുന്നില്ലെന്ന് കോടതി പറഞ്ഞു

MediaOne Logo
വിവാഹിതനായ പുരുഷന്റെ ലിവിങ്-ടുഗെദർ ബന്ധം കുറ്റകരമല്ല: അലഹബാദ് ഹൈക്കോടതി
X

പ്രയാഗ്‌രാജ്: പ്രായപൂർത്തിയായ ഒരു സ്ത്രീയുമായി ഉഭയസമ്മതപ്രകാരം ലിവിങ്-ടുഗെദർ ബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതനായ പുരുഷനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശികളായ ദമ്പതികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. സാമൂഹിക ധാർമികതയേക്കാൾ നിയമത്തിനാണ് മുൻഗണനയെന്ന് വ്യക്തമാക്കിയ കോടതി, വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പൊതുജനാഭിപ്രായത്തിന് സ്വാധീനമുണ്ടാകില്ലെന്നും വ്യക്തമാക്കി.

നേത്രപാൽ എന്ന യുവാവും 18 വയസുള്ള അനാമികയും തമ്മിലുള്ള ബന്ധമാണ് കേസിനാധാരം. നേത്രപാൽ തന്റെ മകളെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് അനാമികയുടെ അമ്മ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 87 പ്രകാരം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഒരുമിച്ച് താമസിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു.

ധാർമികതയും നിയമവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ പുരുഷൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി കാണുന്നില്ല. നേത്രപാൽ വിവാഹിതനാണെന്നും അതിനാൽ മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കുന്നത് കുറ്റകരമാണെന്നുമുള്ള മറുഭാഗത്തിന്റെ വാദം കോടതി തള്ളി. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ ഒരേ താത്പര്യത്തോടെ ജീവിക്കുമ്പോൾ അവിടെ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്ന് ജസ്റ്റിസ് ജെ.ജെ മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

കുടുംബാംഗങ്ങളിൽ നിന്ന് തങ്ങൾക്ക് വധഭീഷണിയുണ്ടെന്നും ദുരഭിമാനക്കൊലക്ക് സാധ്യതയുണ്ടെന്നും നേത്രപാലും അനാമികയും കോടതിയെ അറിയിച്ചു. അനാമികയുടെ കുടുംബാംഗങ്ങൾ ദമ്പതികളെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് കോടതി ഉത്തരവിട്ടു.

ദമ്പതികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് പൊലീസ് സൂപ്രണ്ടിനെ കോടതി വിമർശിച്ചു. 2018-ലെ സുപ്രിംകോടതിയുടെ 'ശക്തി വാഹിനി വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ' വിധി ഉദ്ധരിച്ചുകൊണ്ട്, പ്രായപൂർത്തിയായ ദമ്പതികൾക്ക് സുരക്ഷ നൽകേണ്ടത് പൊലീസിന്റെ കടമയാണെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു. ഏപ്രിൽ എട്ടിന് കേസ് വീണ്ടും പരിഗണിക്കും.

TAGS :

Next Story