Quantcast

വഖഫ് ഭേദഗതി നിയമത്തിനെതിരെ പറ്റ്നയില്‍ കൂറ്റന്‍ റാലി

ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നയിലെ ഗാന്ധി മൈതാനിയിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-06-30 07:41:42.0

Published:

30 Jun 2025 1:08 PM IST

വഖഫ് ഭേദഗതി നിയമത്തിനെതിരെ പറ്റ്നയില്‍ കൂറ്റന്‍ റാലി
X

പറ്റ്ന: കേന്ദ്രസര്‍ക്കാറിന്റെ വിവാദ വഖഫ് ഭേദഗതി നിയമത്തിനെതിരെ ബിഹാര്‍ തലസ്ഥാനമായ പറ്റ്നയില്‍ പടുകൂറ്റന്‍ പ്രതിഷേധ റാലി. രാജ്യത്തെ പ്രമുഖ മുസ് ലിം സാമൂഹിക-മത സംഘടനകളിലൊന്നായ ഇമാറത്തെ ശരീഅയാണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ച ഗാന്ധി മൈതാനിയിലായിരുന്നു പ്രതിഷേധ റാലി.

നേരത്തെ ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും സംഘടനയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചിരുന്നു. അതേസമയം റാലിക്കെത്തിയ ആളുകളുടെ എണ്ണംകൊണ്ടും പരിപാടി ശ്രദ്ധേയമായി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് പരിപാടിക്കെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങില്‍ വൈറലാകുകയും ചെയ്തു.

'ഭരണഘടനയെ സംരക്ഷിക്കുക, വഖഫ് സ്വത്തുക്കളെ സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള റാലിയില്‍ മതപണ്ഡിതന്മാർ, സമുദായ- രാഷ്ട്രീയ നേതാക്കൾ, നിയമ വിദഗ്ധർ അടക്കം പ്രമുഖര്‍ പങ്കെടുത്തു. '' തുടക്കം മുതൽ തന്നെ ഞങ്ങൾ വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്നുണ്ടെന്നും ഭരണഘടനാ അവകാശങ്ങളുടെ ലംഘനം ബില്ലില്‍ പ്രകടമാണെന്നും ജനശബ്ദം ഉയര്‍ത്തുക തന്നെ ചെയ്യുമെന്നും റാലിയെ അഭിസംബോധന ചെയ്ത് ഇമാറത്തെ ശരീഅ തലവൻ മൗലാന ഫൈസൽ വാലി റഹ്മാനി പറഞ്ഞു.


അതേസമയം ബിഹാറില്‍ 'മഹാസഖ്യം' അധികാരത്തിലെത്തിയാല്‍ വിവാദ നിയമം പിന്‍വലിക്കുമെന്നും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുറത്താകാനൊരുങ്ങുകയാണെന്നു ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് പറഞ്ഞു. കനയ്യ കുമാറടക്കമുള്ള നേതാക്കളും റാലിക്കെത്തിയിരുന്നു. രാജ്യത്ത് വെറുപ്പിന് സ്ഥാനമില്ലെന്നും സ്നേഹം മാത്രമേ നിലനിൽക്കൂവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മനസിലാക്കണമെന്ന് രാജീവ് രഞ്ജൻ യാദവ് എം.പി പറഞ്ഞു.




TAGS :

Next Story