Quantcast

'രാഹുലിനരികിൽ സ്ത്രീകൾ സുരക്ഷിതർ, ജോഡോ യാത്രയിൽ കണ്ടറിഞ്ഞു'; പിന്തുണയുമായി മീന കന്തസ്വാമി

മനുസ്മൃതിയിൽ വിശ്വസിക്കുന്ന, സ്വന്തം പെൺമക്കളുടെയും അമ്മമാരുടെയും സഹോദരിമാരുടെയും സുഹൃത്തുക്കളുടെയും കൂട്ടുകെട്ടിൽ പോലും വിശ്വാസമർപ്പിക്കാത്ത സംഘികൾക്ക് ഇതിനാകില്ലെന്നത് തീർച്ചയാണെന്നും മീന കന്തസ്വാമി

MediaOne Logo

Web Desk

  • Published:

    10 Aug 2023 2:42 AM GMT

Dr. Meena Kanthaswamy supported Congress leader Rahul Gandhi in the flying kiss controversy in Parliament.
X

പാർലമെൻറിലെ ഫ്‌ളൈയിംഗ് കിസ് വിവാദത്തിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് പിന്തുണയുമായി സാഹിത്യകാരി ഡോ. മീന കന്തസ്വാമി. ഭാരത് ജോഡോ യാത്രയിലും ഇതര കൂടിക്കാഴ്ചകളിലും രാഹുലിനൊപ്പമുള്ള സ്ത്രീകൾ ഏറെ സുരക്ഷിതത്വം അനുഭവിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അത് ഏറെ ഭംഗിയുള്ളതും അതിശയിപ്പിക്കുന്നതുമായ കാര്യമാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു. വികാരപരമായ പുരുഷ രാഷ്ട്രീയം അവിടെ കണ്ടില്ലെന്നും അവർ പറഞ്ഞു.

സ്ത്രീകൾക്ക് കൈ കൊടുക്കാതിരിക്കുക, അവരുമായി കയ്യകലത്തിൽ നിൽക്കുക, ക്യാമറയ്ക്ക് മുമ്പിൽ ബ്രഹ്മചര്യം നടിക്കുക എന്നിങ്ങനെ പുരുഷ രാഷ്ട്രീയക്കാരിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കാപട്യങ്ങളൊന്നും രാഹുലിൽ നിന്നുണ്ടായില്ലെന്നും അവർ വ്യക്തമാക്കി. പുരുഷ രാഷ്ട്രീയക്കാരിലുണ്ടായ പ്രകടമായ അസ്വാസ്ഥ്യങ്ങൾ, കുസൃതി നിറഞ്ഞ നോട്ടം തുടങ്ങിയവ രാഹുലില്ലെന്നും അവർ പറഞ്ഞു.

തുറന്ന മനസ്സും കൈകളും കണ്ണുകളുമാണ് താൻ കണ്ടതെന്നും അദ്ദേഹം സ്ത്രീകൾക്ക് കൈ നൽകിയെന്നും ഒരുവട്ടം പോലും ചിന്തിക്കാതെ ഫോട്ടോക്ക് പോസ് ചെയ്‌തെന്നും മീന കന്തസ്വാമി പറഞ്ഞു. തനിക്കൊപ്പം നടക്കുന്നവരുടെ കൈകൾ ചേർത്തുപിടിച്ചെന്നും കുട്ടികൾ, വയോധികർ, യുവാക്കൾ, വനിതകൾ എന്നിങ്ങനെ എല്ലാവരെയും ആലിംഗനം ചെയ്‌തെന്നും അവർ ചൂണ്ടിക്കാട്ടി.

ലൈംഗികവത്കരിക്കപ്പെട്ടേക്കാവുന്ന കാര്യത്തെ അദ്ദേഹം തീർത്തും സ്വാഭാവികമായി ചെയ്തുവെന്നും ഭാരത് ജോഡോ യാത്രയെ ഇത്രത്തോളം ഫലവത്താക്കിയത് ഈ രീതിയായിരുന്നുവെന്നും മീന കന്തസ്വാമി നിരീക്ഷിച്ചു. ദിനംപ്രതി മുന്നോട്ട് നടന്ന രാഹുൽ നമ്മുടെ മുരടിച്ച ചിന്തകളിലെ വാർപ്പു മാതൃകകളെ വൃത്തിയാക്കിയെന്നും ദയയും കൃപയും പുഞ്ചിരിയും അദ്ദേഹത്തെ വേറിട്ടു നിർത്തിയെന്നും അവർ കുറിപ്പിൽ പറഞ്ഞു.

മനുസ്മൃതിയിൽ വിശ്വസിക്കുന്ന, സ്വന്തം പെൺമക്കളുടെയും അമ്മമാരുടെയും സഹോദരിമാരുടെയും സുഹൃത്തുക്കളുടെയും കൂട്ടുകെട്ടിൽ പോലും വിശ്വാസമർപ്പിക്കാത്ത സംഘികൾക്ക് ഇതിനാകില്ലെന്നത് തീർച്ചയാണെന്നും അവർ വിമർശിച്ചു. സനാതന ധർമം സ്ത്രീകളെ ദുഷിപ്പിക്കുന്ന സ്വാധീനമായാണ് കാണുന്നതാണ് കാരണമെന്നും പറഞ്ഞു. അത്തരം ടോക്‌സിക് ഇഡിയറ്റുകൾക്ക് രാഹുൽ ഗാന്ധിയെ മനസ്സിലാകില്ലെന്നും നമ്മുടെ ശരീരത്തിന് മേൽ അവർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾക്ക്‌ മേൽ രാഹുൽ ശാരീരികവും ആന്തരികവുമായി വെല്ലുവിളി ഉയർത്തുകയാണെന്നും ഇപ്പോഴത്തെ വിവാദങ്ങളിൽ അത്ഭുതമില്ലെന്നും മീന കന്തസ്വാമി വ്യക്തമാക്കി.

രാഹുൽ ഗാന്ധി മന്ത്രി സ്മൃതി ഇറാനിക്ക് ഫ്ളൈയിങ് കിസ് കൊടുത്തെന്ന് ആരോപണം

കഴിഞ്ഞ ദിവസം പ്രസംഗം കഴിഞ്ഞ് പാർലമെന്റ് വിട്ടുപോകവെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മന്ത്രി സ്മൃതി ഇറാനിക്ക് ഫ്ളൈയിങ് കിസ് കൊടുത്തെന്ന് ആരോപണം. രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി വനിതാ അംഗങ്ങൾ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തു നൽകി. മന്ത്രി ശോഭ കരന്ദ്ലജെയുടെ നേതൃത്വത്തിലുള്ള ബിജെപി വനിതാ സംഘമാണ് സ്പീക്കറെ കണ്ടത്.

സഭയിൽ സംസാരിക്കവെ സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ആരോപിച്ചത്. 'മിസ്റ്റർ സ്പീക്കർ, ഞാനൊരു എതിർപ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാൾ ഒരു മോശം അടയാളം കാണിച്ചു. പാർലമെന്റിനെ വനിതാ അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്ളൈയിങ് കിസ് നൽകാനാകൂ. ഇത്തരം മോശം പ്രവൃത്തി പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്‌കാരമാണ്' - എന്നായിരുന്നു അവരുടെ ആരോപണം.

മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലും സ്മൃതി ഇറാനിയും സഭയിൽ വാക് പോരിലേർപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ ആയിരുന്നു രാഹുലിന്റെ വിമർശനങ്ങൾ. 'ഭാരതമാതാവിനെ കൊല ചെയ്ത നിങ്ങൾ ദേശദ്രോഹിയാണെന്ന്' രാഹുൽ പ്രസംഗത്തിനിടെ കുറ്റപ്പെടുത്തി.

Dr Meena Kandasamy supported Congress leader Rahul Gandhi in the flying kiss controversy in Parliament.

TAGS :

Next Story