മഹാരാഷ്ട്രയില്‍ എന്‍സിപി വിഭാഗങ്ങളുടെ ലയനം; അനിശ്ചിതത്വം തുടരുന്നു, ഉടനുണ്ടാകില്ലെന്ന് ശരത് പവാര്‍
സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇക്കാര്യം താനുമായി ആലോചിച്ചല്ലെന്ന് ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു

- Updated:
2026-02-01 09:25:31.0

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി വിഭാഗങ്ങളുടെ ലയനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. അജിത് പവാറിന്റെ മരണത്തോടെ ലയനം ഉടനുണ്ടാകില്ലെന്ന തരത്തിലുള്ള പ്രസ്താവനകളാണ് ശരത് പവാറില്‍ നിന്നും വരുന്നത്. അതേസമയം സാഹചര്യങ്ങള്‍ സൂക്ഷ്മമായി ബിജെപി നിരീക്ഷിക്കുന്നുണ്ട്.
അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇക്കാര്യം താനുമായി ആലോചിച്ചല്ലെന്നും ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി അനന്തരവൻ അജിത് പവാറുമായി ലയന ചർച്ചകൾ നടന്നു വരികയായിരുന്നുവെന്നും, എന്നാൽ അദ്ദേഹത്തിന്റെ വിയോഗത്തെത്തുടർന്ന് ഇപ്പോൾ ആ ചർച്ചകൾ അനിശ്ചിതത്വത്തിലായെന്നും പവാർ പറയുന്നു.
"ലയനത്തെക്കുറിച്ച് ഞങ്ങൾ ക്രിയാത്മകമായ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത് തടസ്സപ്പെട്ട നിലയിലാണ്. ഞങ്ങളുടെ പാർട്ടിയും അജിത് പവാറിന്റെ പാർട്ടിയും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. എല്ലാവരും യോജിക്കുകയും നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഫെബ്രുവരി 12ന് ലയന തീരുമാനം പ്രഖ്യാപിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്''- ശരത് പവാര്‍ വ്യക്തമാക്കി.
"കഴിഞ്ഞ നാലു മാസമായി അജിത് പവാർ, ജയന്ത് പാട്ടീൽ, ശശികാന്ത് ഷിൻഡെ എന്നിവർ ലയന ചർച്ചകളിലായിരുന്നു. ഇതിനിടയിലാണ് നിർഭാഗ്യകരമായ അപകടം സംഭവിച്ചത്. ഇനി ആ നടപടികൾ നിന്നുപോകുമെന്നാണ് തോന്നുന്നത്"- പവാർ കൂട്ടിച്ചേര്‍ത്തു. അതേസമയം സുനേത്ര പവാർ എന്തിനായിരിക്കും മുൻഗണന നൽകുക എന്നതിലേക്കാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണോ പരസ്പരം ലയിച്ച് ഭരണ കാര്യങ്ങളില്‍ മാത്രമാകുമോ ശ്രദ്ധ കൊടുക്കുക എന്നതൊക്കെ ഇനിയും അറിയേണ്ടിയിരിക്കുന്നു.
തൻ്റെ രാജ്യസഭാ സീറ്റ് ഒഴിയേണ്ടി വരുന്നതിനാല്‍ അത് ആര്‍ക്ക് കൈമാറും എന്നതും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നു. അതേസമയം എന്‍സിപിയിലെ കാര്യങ്ങള്‍ ബിജെപിയും നോക്കുന്നുണ്ട്. അവരുടെ പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടാനില്ലെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാവ് പറയുന്നത്.
Adjust Story Font
16
