‘പോസ്റ്റുകൾ മോദിയെ അപമാനിച്ചെന്ന്’; മെറ്റ ഇന്ത്യൻ മേധാവിക്കെതിരെ കേസെടുത്ത് പൊലീസ്
മോദിയുടെ കൃത്രിമ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപി അനുയായികൾ നൽകിയ പരാതിയിൽ ജൂലൈ 29 നാണ് കേസുകൾ രജിസ്റ്റർ ചെയ്തത്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരവും മോർഫ് ചെയ്തതുമായ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ കേസ്. മെറ്റ മേധാവിക്ക് പുറമെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.തെലങ്കാന സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്.
മോദിയുടെ കൃത്രിമ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപി അനുയായികൾ നൽകിയ പരാതിയിൽ ജൂലൈ 29 നാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ടതാണ് കേസ്. "ജനാധിപത്യം വിയോജിപ്പുകളെ അനുവദിക്കുന്നുണ്ട്, എന്നാൽ ഡിജിറ്റൽ ആൾക്കൂട്ട ആക്രമണങ്ങളെ (ഡിജിറ്റൽ ലിഞ്ചിംഗ്) അല്ല" എന്ന് ബിജെപി വക്താവ് എൻ. വി. സുഭാഷ് പറഞ്ഞു.
"വിമർശനങ്ങളെയും രാഷ്ട്രീയ എതിർപ്പുകളെയും ജനാധിപത്യപരമായ സംവാദങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സമകാലിക ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോളം വിമർശനങ്ങൾ നേരിട്ടിട്ടുള്ള മറ്റൊരു രാഷ്ട്രീയ നേതാവും കാണില്ല. വിമർശനമല്ല ഇവിടെ വിഷയം. രാഷ്ട്രീയ പ്രവർത്തനം എന്ന വ്യാജേന നടത്തുന്ന സംഘടിതവും അശ്ലീലവുമായ അധിക്ഷേപങ്ങളാണ്," സുഭാഷ് കൂട്ടിച്ചേർത്തു.
20 ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ മോർഫ് ചെയ്ത ഉള്ളടക്കം ഉപയോഗിക്കുന്നുണ്ടെന്നും അത് ഹോസ്റ്റ് ചെയ്തതിന് മെറ്റയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരിൽ ഒരാൾ പറഞ്ഞു."പ്രധാനമന്ത്രിയെ അവഹേളിക്കുന്നതും രാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കും ഐക്യത്തിനും ദോഷകരമായേക്കാവുന്ന വിവരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ചില ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് തെലങ്കാന ബിജെപി പ്രവർത്തകരുടെ പേരിൽ ഞങ്ങൾ ആവശ്യപ്പെടുന്നു," ബിജെപി പ്രവർത്തകന്‍റെ പരാതിയിൽ പറയുന്നു. പരാതികളിൽ പരാമർശിച്ചിരിക്കുന്ന എല്ലാ ലിങ്കുകളും ജൂലൈ 30 ഓടെ പ്രവർത്തനരഹിതമായതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Adjust Story Font
16

