വിരലുകളും മൂക്കും മുറിച്ചെടുത്തു, തല തകർത്തു; 17കാരിയെ കൊന്ന് കനാൽക്കരയിൽ ഉപേക്ഷിച്ച് ബന്ധു
മൃതദേഹത്തിൽ നിരവധി മുറിവുകളാണുണ്ടായിരുന്നത്.

- Published:
30 Jan 2026 10:10 AM IST

ഡെറാഡൂൺ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി കനാൽക്കരയിൽ ഉപേക്ഷിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലെ ഛന്ദിപൂരിലാണ് സംഭവം. ധാലിപൂർ സ്വദേശി പ്ലസ് ടു വിദ്യാർഥിനി മനിഷ തോമർ ആണ് കൊല്ലപ്പെട്ടത്. കൈവിരലുകളും മൂക്കും മുറിച്ചുമാറ്റപ്പെടുകയും കല്ലുപയോഗിച്ച് തലയിടിച്ച് തകർത്ത നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുവായ സുരേന്ദ്രയെന്ന യുവാവാണ് കൊലയ്ക്ക് പിന്നിലെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
ബുധനാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം ധലിപൂരിലെ ശക്തി കനാലിന് സമീപം കണ്ടെത്തിയത്. മൃതദേഹത്തിൽ നിരവധി മുറിവുകളാണുണ്ടായിരുന്നത്. കൈവിരലുകളും മൂക്കും മുറിച്ചുമാറ്റപ്പെടുകയും തല തകർക്കപ്പെടുകയും ചെയ്തിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹത്തിന് സമീപത്തുനിന്ന് മൂർച്ചയുള്ള കത്തി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നാണ് നിഗമനം. പ്രതിയുടെ ബൈക്കും സ്ഥലത്തുണ്ടായിരുന്നു.
സംഭവദിവസം സുരേന്ദ്രയ്‌ക്കൊപ്പം മരുന്ന് വാങ്ങാൻ പോയ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, മനിഷയും സുരേന്ദ്രയും ബൈക്കിൽ പോവുന്നത് കണ്ടെത്തി. സുരേന്ദ്ര അടുത്തിടെ ഒരു പുതിയ കത്തി വാങ്ങിയതായും പൊലീസ് കണ്ടെത്തി. ഇതാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നാണ് കരുതുന്നത്. കൊലപാതകത്തിനു ശേഷം ഇയാൾ കനാലിൽ ചാടി രക്ഷപെടുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും അന്വേഷണം ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.
പ്രതിയെ ഉടനടി പിടികൂടി കർശന ശിക്ഷ ഉറപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കൊലയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും എല്ലാവശവും പരിശോധിക്കുന്നുണ്ടെന്നും പ്രതിക്കായി തിരച്ചിൽ നടക്കുകയാണെന്നും ഡെറാഡൂൺ എസ്എസ്പി അജയ് സിങ് പറഞ്ഞു.
Adjust Story Font
16
