Quantcast

'ഇന്ത്യ ഇസ്രായേലിനൊപ്പം'; ഫലസ്തീനൊപ്പമെന്ന പരമ്പരാഗത നിലപാട് തിരുത്തി മോദി

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്രായേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വീകരിച്ചു

MediaOne Logo
ഇന്ത്യ ഇസ്രായേലിനൊപ്പം; ഫലസ്തീനൊപ്പമെന്ന പരമ്പരാഗത നിലപാട് തിരുത്തി മോദി
X

ഇസ്രായേൽ നെസറ്റിൽ സംസാരിക്കുന്ന നരേന്ദ്ര മോദി Image: AFP

തെൽ അവിവ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്രായേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വീകരിച്ചു. സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പ്രതിരോധ-വാണിജ്യ രംഗങ്ങളിലെ പ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ജെറൂസലേമിലെ കിംഗ് ഡേവിഡ് ഹോട്ടലിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാകും കരാറുകളിൽ ഒപ്പുവെക്കുക. തുടർന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവന നടത്തും. ഹോളോകോസ്റ്റ് സ്മാരകമായ യാദ് വഷേമിലും പ്രധാനമന്ത്രി സന്ദർശനം നടത്തും.

അതേസമയം, സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഇന്ത്യ പിന്തുടരുന്ന ഫലസ്തീനൊപ്പമെന്ന പരമ്പരാഗത നിലപാട് തിരുത്തി നരേന്ദ്ര മോദി. ഇസ്രായേൽ പാർലമെന്റായ നെസറ്റിൽ സംസാരിക്കവേ 'ഇന്ത്യ ഇസ്രായേലിനൊപ്പം' എന്ന് മോദി പ്രഖ്യാപിച്ചു. 'മോദി! മോദി! മോദി' എന്ന ആരവത്തോടെയാണ് ഇസ്രായേൽ പാർലമെന്റ് മോദിയെ സ്വീകരിച്ചത്. പ്രതീക്ഷിച്ചതുപോലെ 2023 ഒക്ടോബർ 7ന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയിൽ മോദി അപലപിച്ചു. 'നിങ്ങളുടെ വേദന ഞങ്ങൾ മനസിലാക്കുന്നു, ദുഃഖത്തിൽ പങ്കുചേരുന്നു. ഈ നിമിഷത്തിലും അതിനുശേഷവും ഇന്ത്യ ഇസ്രായേലിനൊപ്പം പൂർണ ബോധ്യത്തോടെ നിലകൊള്ളും.' മോദി കൂട്ടിച്ചേർത്തു.

പരമ്പരാഗതമായി ഇന്ത്യൻ തുടരുന്ന നയത്തിന് എതിരാണ് ഈ നീക്കം. സ്വാതന്ത്ര്യത്തിനു മുമ്പ് ഫലസ്തീനിൽ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുന്നതിനെ മഹാത്മാഗാന്ധി എതിർത്തിരുന്നു. 1938ൽ 'ഇംഗ്ലണ്ട് ഇംഗ്ലീഷ് ജനതയുടേത് എന്നതുപോലെ ഫലസ്തീൻ അറബികളുടേതാണ്' എന്ന് അദേഹം പ്രസ്താവിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരവും വളരെ മികച്ച ബന്ധമാണ് ഇന്ത്യക്ക് ഫലസ്തീനുമായി ഉണ്ടായിരുന്നത്. 1947ൽ ഫലസ്തീൻ വിഭജിക്കാനുള്ള നീക്കത്തെ ജവാഹർ ലാൽ നെഹ്‌റു ഐക്യരാഷ്ട്രസഭയിൽ എതിർത്തു. 1975ൽ ഇന്ദിര ഗാന്ധിയുടെ ഭരണക്കാലത്ത് രാജ്യതലസ്ഥാനത്ത് ഒരു സ്വതന്ത്ര ഓഫീസ് തുറക്കാൻ ഇന്ത്യ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ (പി‌എൽ‌ഒ) അനുവദിച്ചു. പിന്നീട് 1980ൽ ഈ ഓഫീസിന് പൂർണ നയതന്ത്ര അംഗീകാരം നൽകി. ഇതിന് പിന്നാലെ ഫലസ്തീൻ നാഷണൽ അഥോറിറ്റിയുടേയും പിഎൽഒയുടെയും ചെയർമാനും ഫലസ്തീൻ പോരാളിയുമായ യാസർ അറഫാത്ത് ഇന്ത്യ സന്ദർശിച്ചു. പിന്നീട് 2001 വരെ നിരവധി തവണ യാസർ അറഫാത്ത് ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 1988ൽ രാജീവ് ഗാന്ധിയുടെ ഭരണക്കാലത്ത് ഫലസ്തീനെ അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യങ്ങളിൽ ഒന്നായും ഇന്ത്യ മാറി.

എന്നാൽ ശീതയുദ്ധത്തിന് ശേഷം ഇന്ത്യ അമേരിക്കയുമായി അടുക്കാൻ തുടങ്ങിയതോടെയാണ് ഇതിൽ വ്യത്യാസമുണ്ടാകുന്നത്. 1992 ജനുവരിയിൽ ഇസ്രായേലുമായി ഇന്ത്യ ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചു. അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവു യാസർ അറാഫത്തിനെ അറിയിച്ചതിനുശേഷമാണ് ഇസ്രായേലുമായി പൂർണ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. എന്നാൽ ഇന്ത്യയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി യാസർ അറഫാത്ത് പറഞ്ഞു. 2014ൽ മോദി അധികാരത്തിൽ വന്നതോടെയാണ് ഈ ബന്ധത്തിൽ വലിയ മാറ്റമുണ്ടായത്. ഇരു രാജ്യങ്ങളെയും അംഗീകരിക്കുന്ന ഒരു 'ഡീ-ഹൈഫനേഷൻ' നയമാണ് ഇന്ത്യ പിന്തുടരുന്നത്. മോദി ഭരണത്തിന് കീഴിൽ ഇസ്രായേലിന്റെ ഏറ്റവും വലിയ ആയുധ ഉപഭോക്താവായി ഇന്ത്യ മാറി. ഗസ്സ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 2024ൽ പോലും ഇന്ത്യൻ ആയുധ കമ്പനികൾ ഇസ്രായേലിന് റോക്കറ്റുകളും സ്‌ഫോടകവസ്തുക്കളും വിറ്റതായി പല അന്വേഷണങ്ങളും വെളിപ്പെടുത്തിയിരുന്നു.

2017 ജൂലൈ 4നാണ് നരേന്ദ്ര മോദി ആദ്യമായി ഇസ്രായേൽ സന്ദർശിക്കുന്നത്. ഇസ്രായേൽ സന്ദർശിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദി ഭരണകാലത്താണ് ഒരു ഇന്ത്യൻ പ്രസിഡന്റ് ആദ്യമായി ഇസ്രായേൽ സന്ദർശിക്കുന്നതും. 2015 ഒക്ടോബറിൽ പ്രണബ് മുഖർജിയാണ് ഇസ്രായേൽ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ്. ചരിത്രപരമായി ഇന്ത്യ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനൊപ്പം നിൽക്കുന്നതിൽ നേതാക്കന്മാർ ഇസ്രായേൽ സന്ദർശനത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ ഒരുകാലത്ത് ഇന്ത്യയിൽ പരസ്യമായി ചർച്ച ചെയ്യാൻ മടിച്ചിരുന്ന, രഹസ്യമായി മാത്രം മുന്നോട്ട് കൊണ്ടുപോയിരുന്ന ഇസ്രായേൽ ബന്ധം ഇന്ന് ഏറ്റവും പ്രകടമായ സൗഹൃദങ്ങളിലൊന്നായി മാറിയിരിക്കുന്നു.

ഇസ്രായേലിൽ തുടരുന്ന മോദി അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗസ്സ സമാധാന പദ്ധതിക്ക് ഇന്ത്യ എല്ലാ പിന്തുണയും നൽകുമെന്നും ഉറപ്പു നൽകി. നരേന്ദ്ര മോദി തനിക്ക് സഹോദരതുല്യനാണെന്ന് നെതന്യാഹുവും പ്രതികരിച്ചു. മോദിയുടെ ആലിംഗനം ​ലഭിച്ചതിൽ സന്തോഷമുണ്ടെന്നും നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. നരേന്ദ്രമോദിയെ സ്വീകരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രോട്ടോക്കോൾ മാറ്റിവച്ച് എത്തിയിരുന്നു. വെടിനിർത്തൽ കരാറിന് ശേഷവും ഗസ്സയിലെ ആക്രമണം ഇസ്രായേൽ തുടരുന്ന വേളയിൽ കൂടിയാണ് മോദിയുടെ സന്ദർശനം.

TAGS :

Next Story