ട്രംപിന്റെ ഫോൺ വിളികള്‍ അവഗണിച്ച് മോദി; നാല് തവണ വിളിച്ചിട്ടും നിരസിച്ചെന്ന് ജര്‍മന്‍ മാധ്യമമായ 'ഫ്രാങ്ക്ഫർട്ടർ ആൾജെമൈൻ സെയ്തുങ്'
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് അമേരിക്ക അധിക തീരുവ ചുമത്തിയത്.

ന്യൂഡല്‍ഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചുമത്തിയ യുഎസിന്റെ അധികതീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ. നടപടിക്കെതിരെ ഇന്ത്യ കനത്ത എതിർപ്പ് അറിയിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് അമേരിക്ക പിന്മാറിയില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് അമേരിക്ക അധിക തീരുവ ചുമത്തിയത്.
അതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഫോൺ മോദി എടുത്തില്ലെന്ന് ജർമൻ മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചകളിലുണ്ടായ ട്രംപിന്‍റെ നാലു തവണകളായുള്ള ഫോണ്‍ കോളുകള്‍ മോദി നിരസിക്കുകായായിരുന്നു എന്നാണ് ജര്‍മന്‍ മാധ്യമമായ ഫ്രാങ്ക്ഫർട്ടർ ആൾജെമൈൻ സെയ്തുങ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങുന്നില്ലെന്നും ചൈനയുമായും റഷ്യയുമായുള്ള ബന്ധം ഒരുപോലെ ഇന്ത്യ മുന്നോട്ട് കൊണ്ടു പോവുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
കൂറ്റൻ തീരുവ പിൻവലിക്കാൻ സകലമേഖലയിലും ശ്രമിച്ചിട്ടും അമേരിക്ക പിൻവലിഞ്ഞില്ല. അധികതീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ പദ്ധതി വിശദീകരിച്ച് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് ഇന്നലെ വിജ്ഞാപനം പുറത്തിറക്കിരുന്നു. തീരുവ 25 ശതമാനത്തിൽ നിന്ന് 50 ആക്കിയതോടെ, റഷ്യൻ എണ്ണ ഇറക്കുമതി തടയുകയാണ് ലക്ഷ്യമെന്ന് അമേരിക്ക പറയുന്നു.
50 ശതമാനം തീരുവ പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഉന്നതതല യോഗം വിളിച്ചിരിന്നു. നിലവിലുള്ള 25% നികുതിയുടെ ആഘാതം തിരിച്ചറിയാൻ വാണിജ്യ വ്യവസായ മന്ത്രാലയം കയറ്റുമതിക്കാരുമായും കയറ്റുമതി പ്രമോഷൻ കൗൺസിലുകളുമായും കൂടിയാലോചന നടത്തിവരുന്നുണ്ട്.
അതേസമയം അമേരിക്ക കൂറ്റൻ നികുതി ചുമത്തിയ റഷ്യയേയും ചൈനയേയും ബ്രസീലിനെയും കൂടെക്കൂട്ടി സമാന്തര സഖ്യത്തിനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ട്രംപിനെ മയപ്പെടുത്താനുള്ള ഇന്ത്യൻ ശ്രമങ്ങൾ ഫലിക്കാത്തത്, നയതന്ത്ര ശ്രമങ്ങൾക്കുള്ള തിരിച്ചടിയായാണ് വിദഗ്ധർ കാണുന്നത്. തീരുവ പ്രാബല്യത്തിൽ വന്നാൽ അവശ്യസാധനങ്ങൾക്കടക്കം വില കൂടാനാണ് സാധ്യത. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി നടപടി ബാധിക്കും.
Adjust Story Font
16

