സ്ത്രീകൾക്ക് 10,000 രൂപ നൽകുന്ന മോദിയുടെ പദ്ധതി വോട്ട് ലക്ഷ്യമാക്കി: പ്രിയങ്ക ഗാന്ധി
''സ്ത്രീകളുടെ വോട്ട് ലഭിച്ചാൽ മാത്രമേ വിജയിക്കൂമെന്ന് അമിത് ഷായും മോദിയും തിരിച്ചറിഞ്ഞു''

പറ്റ്ന: സ്ത്രീകൾക്ക് 10,000 രൂപ നൽകുന്ന മോദിയുടെ പദ്ധതി വോട്ട് ലക്ഷ്യമാക്കിയെന്ന് പ്രിയങ്ക ഗാന്ധി എംപി.
സ്ത്രീകളുടെ സുരക്ഷയ്ക്കായി ബിഹാറിലെ സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ല, ബിഹാറിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർദ്ധിച്ചുവെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ബിഹാറിൽ നടന്ന മഹിളാ സംവാദ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
'സ്ത്രീകളുടെ വോട്ട് ലഭിച്ചാൽ മാത്രമേ വിജയിക്കൂമെന്ന് അമിത് ഷായും മോദിയും തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് പുതിയ പദ്ധതികളുമായി എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പണം നൽകുമ്പോൾ അതിൽ എന്തോ പ്രശ്നമുണ്ടെന്ന് നിങ്ങൾ തിരിച്ചറിയണം. ബിഹാറിലെ ജനങ്ങൾക്ക് നീതിയും ബഹുമാനവും ലഭിക്കണമെങ്കിൽ നിതീഷ് കുമാറിനെ പരാജയപ്പെടുത്തണമെന്നും'- പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ബിഹാറിലെ വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം കൈമാറുന്ന പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 'മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന' എന്ന പദ്ധതിയില്‍ സംസ്ഥാനത്തെ 75 ലക്ഷം വനിതകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിയുടെ നീക്കം.
Adjust Story Font
16

