Quantcast

'ഇന്നലെയും ഇന്നും നാളെയും സ്റ്റാലിന് ഒപ്പം'; ഡിഎംകെ സഖ്യം വിടില്ലെന്ന് മുസ്‌ലിം ലീഗ്

ഡിഎംകെ സഖ്യം വിട്ട് കോണ്‍ഗ്രസ് ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് സ്റ്റാലിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ലീഗ് നിലപാടെടുത്തിരിക്കുന്നത്

MediaOne Logo
muslim league will stay with dmk
X

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടി രാഷ്ട്രീയ നീക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ സ്റ്റാലിനൊപ്പം ഡിഎംകെ മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് നിലപാടെടുത്ത് മുസ്‌ലിം ലീഗ്. 'ഇന്നലെയും ഇന്നും സ്റ്റാലിനൊപ്പമാണ്. നാളെയും മുസ്‌ലിം ലീഗ് സ്റ്റാലിന് ഒപ്പമായിരിക്കും' -പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ഡിഎംകെ മുന്നണിയിലായിരുന്ന കോണ്‍ഗ്രസ് സഖ്യം വിട്ട് ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് സ്റ്റാലിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ലീഗ് നിലപാടെടുത്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ രണ്ട് സീറ്റാണ് ലീഗിനുള്ളത്.

'ഡിഎംകെയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധം തെരഞ്ഞെടുപ്പ് കാലത്തെ ബന്ധം മാത്രമല്ല. അത് നയപരമായ ഒരു ബന്ധമാണ്. ഇന്നലെയും ഇന്നും സ്റ്റാലിനൊപ്പമാണ്. നാളെയും മുസ്‌ലിം ലീഗ് സ്റ്റാലിന് ഒപ്പമായിരിക്കും. ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം സ്വീകരിക്കുന്ന ഏത് തീരുമാനവും ലീഗ് അനുസരിക്കും' - ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.

അതേസമയം, ഡിഎംകെ സഖ്യത്തിലെ കക്ഷിയായ കോണ്‍ഗ്രസ് ടിവികെയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കത്തിലാണ്. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരും ടിവികെയെ പിന്തുണക്കും. ഇന്നലെ അടിയന്തരമായി ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. രണ്ട് മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെടും. പ്രധാന ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികളും ആവശ്യപ്പെട്ടേക്കും. പാര്‍ട്ടി തീരുമാനം ഇന്ന് ടിവികെയെ അറിയിക്കുമെന്ന് തമിഴ്‌നാട് ചുമതലയുള്ള ഗിരീഷ് ചോദാങ്കര്‍ വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസ് ടിവികെയെ പിന്തുണച്ചാല്‍ ഇന്‍ഡ്യാസഖ്യം വിടുമെന്നാണ് ഡിഎംകെയുടെ നിലപാട്.

നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് 108 സീറ്റുകള്‍ നേടി വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷത്തിനുള്ള 118ല്‍ എത്തിയില്ല. ഇതോടെയാണ് മറ്റ് ചെറുകക്ഷികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമം ആരംഭിച്ചത്. ഡിഎംകെ 59, എഡിഎംകെ 47, കോണ്‍ഗ്രസ് 5, പിഎംകെ 4, മുസ് ലിം ലീഗ് 2, സിപിഐ 2, സിപിഎം 2 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍ നേടിയ സീറ്റുകള്‍.

TAGS :

Next Story