Quantcast

ഭോജ്ശാല മസ്ജിദിന് സമീപത്തെ ദർഗയിൽ മുസ്‌ലിംകൾക്ക് ജുമുഅ നമസ്‌കാരത്തിന് അനുമതി നൽകി സുപ്രിംകോടതി

മധ്യപ്രദേശിലെ ധർ ജില്ലയിലുള്ള ഭോജ്ശാല-കമാൽ മൗല മസ്ജിദ് സരസ്വതി ദേവിയുടെ ക്ഷേത്രമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീൽ സുപ്രിംകോടതി പരി​ഗണനയിലാണ്

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-07-30 16:27:31

Published:

30 July 2026 8:33 PM IST

ഭോജ്ശാല മസ്ജിദിന് സമീപത്തെ ദർഗയിൽ മുസ്‌ലിംകൾക്ക് ജുമുഅ നമസ്‌കാരത്തിന് അനുമതി നൽകി സുപ്രിംകോടതി
X

ന്യൂഡൽഹി: മധ്യപ്രദേശിലെ ധർ ജില്ലയിലുള്ള ഭോജ്ശാല മസ്ജിദ് സമുച്ചയത്തിന് സമീപമുള്ള ദർഗയിൽ മുസ്‌ലിംകൾക്ക് ജുമുഅ നമസ്‌കാരം നടത്താൻ അനുമതി നൽകി സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി.മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ഒരു മണിക്കും മൂന്ന് മണിക്കും ഇടയിൽ വെള്ളിയാഴ്ച നമസ്‌കാരം നടത്താൻ അനുവദിക്കണമെന്ന് മധ്യപ്രദേശ് സർക്കാറിനോട് സുപ്രിംകോടതി നിർദേശിച്ചു.

കേസിൽ വിധി വരുന്നത് വരെ പള്ളിക്ക് സമീപം പ്രാർഥനക്കായി പ്രത്യേക സ്ഥലം അനുവദിക്കാൻ ജൂലൈ 14-ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, തങ്ങൾക്ക് 1.3 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് നൽകിയതെന്നും പള്ളി കാണാൻ സാധിക്കുന്ന തരത്തിൽ തൊട്ടടുത്തുതന്നെ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്‌ലിം വിഭാഗം വീണ്ടും സുപ്രിംകോടതിയെ സമീപിച്ചത്.

ക്രമസമാധാന പ്രശ്‌നങ്ങളിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മധ്യപ്രദേശ് സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ പൗരന്മാരുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതും ക്രമസമാധാനം പാലിക്കുന്നതും ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ചുമതലയാണെന്ന് ജസ്റ്റിസ് ബാഗ്ചി ഓർമിപ്പിച്ചു. ഭോജ്ശാലക്ക് സമീപമുള്ള സ്ഥലത്ത് അതിലേക്ക് കടക്കാനും പുറത്തുകടക്കാനും വെവ്വേറ വഴികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

മധ്യപ്രദേശിലെ ധർ ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം സരസ്വതി ദേവിയുടെ ക്ഷേത്രമാണെന്ന് നിരീക്ഷിച്ച മധ്യപ്രദേശ് ഹൈകോടതി, വെള്ളിയാഴ്ചകളിൽ മുസ്‌ലിംകൾക്ക് പ്രാർഥന നടത്താൻ അനുമതി നൽകിയിരുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഉത്തരവ് മെയ് 15-ന് റദ്ദാക്കിയിരുന്നു. ഇതിന് തുടർച്ചയായാണ് വിഷയം സുപ്രിംകോടതിയിലെത്തിയത്.

TAGS :

Next Story