‘മുസ്‌ലിംകളെ പ്രവേശിപ്പിക്കരുത്'; ഭോപ്പാൽ ജിമ്മുകളിൽ ഹിന്ദുത്വ സംഘടനയുടെയും പൊലീസിന്റെയും സംയുക്ത റെയ്ഡ്
ജിമ്മുകളിൽ 'ലവ് ജിഹാദ്' നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഭോപ്പാലിലെ ജിമ്മുകളുടെ പട്ടിക സമർപ്പിച്ചിട്ടുണ്ടെന്ന് റെയ്ഡുകളെ പിന്തുണച്ചുകൊണ്ട് ബിജെപി എംപി അലോക് ശർമ്മ പറഞ്ഞു

ഭോപ്പാൽ: ഭോപ്പാലിലെ അയോധ്യ നഗറിലെ ജിമ്മുകളിൽ റെയ്ഡ് നടത്തി മുസ്‌ലിംകൾ പരിശീലകരായി ജോലി ചെയ്യുന്നതോ ട്രെയിനികളായി ചേരുന്നതോ തടയണമെന്ന് സബ് ഇൻസ്‌പെക്ടർ ദിനേശ് ശർമ്മ ജിം ഉടമകൾക്ക് നിർദ്ദേശം നൽകി. വിശ്വഹിന്ദു പരിഷത് പ്രവർത്തകരും ഭോപ്പാൽ പൊലീസും സംയുക്തമായാണ് ജിമ്മുകളിൽ റെയ്ഡ് നടത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കിട്ട വിഡിയോയിൽ ജിമ്മിൽ ഉണ്ടായിരുന്ന എല്ലാ ട്രെയിനികളുടെയും പരിശീലകരുടെയും പേരുകൾ ബജ്‌റംഗ്ദൾ നേതാക്കൾ ആവശ്യപ്പെടുന്നതായി കാണിക്കുന്നു. പിന്നീട്, സബ് ഇൻസ്‌പെക്ടർ എത്തി മുസ്‌ലിംകളെ പരിശീലനം നൽകാനോ സ്വീകരിക്കാനോ അനുവദിക്കരുതെന്ന് ജിം ഉടമയ്ക്ക് വ്യക്തമായി മുന്നറിയിപ്പ് നൽകുന്നതായും കാണാം.
വിഡിയോ വൈറലായതിനെ തുടർന്ന് പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധമുണ്ടാവുകയും റെയ്ഡുകളിൽ പോലീസിനൊപ്പം ബജ്‌റംഗ്ദൾ നേതാക്കളും പ്രവർത്തകരും ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയും ചെയ്തു. ജിമ്മുകളിൽ 'ലവ് ജിഹാദ്' നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഭോപ്പാലിലെ ജിമ്മുകളുടെ പട്ടിക സമർപ്പിച്ചിട്ടുണ്ടെന്ന് റെയ്ഡുകളെ പിന്തുണച്ചുകൊണ്ട് ബിജെപി എംപി അലോക് ശർമ്മ പറഞ്ഞു. 'വരും കാലങ്ങളിൽ ഈ പട്ടിക ഞങ്ങൾ പൊലീസിന് നൽകും. ആരെയും ലവ് ജിഹാദിന് അനുവദിക്കില്ല. ഭൂമി ജിഹാദ് പോലും നടക്കുന്നുണ്ട്. നിയമം അതിന്റെ ജോലി ചെയ്യും. അത്തരം കാര്യങ്ങളിൽ നടപടിയെടുക്കും.' അലോക് ശർമ്മ പറഞ്ഞു.
'ഭോപ്പാൽ നവാബുമാരുടെ മാത്രമല്ല അശോകന്റെയും ചന്ദ്രഗുപ്ത മൗര്യയുടെയും നാടാണ്. ഒബൈദിയ സ്കൂൾ, റാഷിദിയ സ്കൂൾ, സുൽത്താനിയ ജനാന ഹോസ്പിറ്റൽ, ഹമീദിയ ഹോസ്പിറ്റൽ തുടങ്ങിയ മുസ്‌ലിം പേരുകളുള്ള സ്ഥാപനങ്ങളുടെ പേര് ഇന്ത്യൻ ചരിത്ര വ്യക്തികളുടെ പേരിലേക്ക് മാറ്റണം.' ജിം റെയ്ഡുകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അലോക് ശർമ്മ പറഞ്ഞു.
Adjust Story Font
16

