Quantcast

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ഇസ്രായേലിലേക്ക്

ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് മോദി ഇസ്രായേൽ സന്ദർശിക്കുന്നത്

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-02-25 03:25:37.0

Published:

25 Feb 2026 8:27 AM IST

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ഇസ്രായേലിലേക്ക്
X

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലേക്ക് തിരിക്കും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. ഇന്ന് രാത്രി എട്ടു മണിക്ക് ഇസ്രായേൽ പാർലമെന്റായ 'നെസെറ്റിൽ' (Knesset) പ്രധാനമന്ത്രി പ്രഭാഷണം നടത്തും. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് മോദി ഇസ്രായേൽ സന്ദർശിക്കുന്നത്. 2017ലാണ് മോദി ആദ്യമായി ഇസ്രായേലിൽ എത്തുന്നത്. ഇസ്രായേൽ സന്ദർശിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി.

സൈനിക, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും നാളെ ഒപ്പുവെക്കും. പ്രത്യേക ഫലസ്തീൻ രാഷ്ട്രം എന്ന നിലപാട് ചർച്ചകളിൽ ആവർത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും മോദി കൂടിക്കാഴ്ച നടത്തും. സുരക്ഷാ സഹകരണം ഉൾപ്പെടെ നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും ധാരണാപത്രങ്ങൾ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിൽ വലിയ പ്രതിരോധ കരാറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നൂതന പ്രതിരോധ സാങ്കേതികവിദ്യകൾ ഇന്ത്യയുമായി പങ്കുവെക്കാൻ ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. 2025 മെയ് മാസത്തിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിൽ ഇസ്രായേൽ നിർമിത മിസൈലുകളും ഡ്രോണുകളും ഇന്ത്യ ഉപയോഗിച്ചിരുന്നു. ഇവയുടെ സ്റ്റോക്ക് പുതുക്കുന്നതിനായുള്ള നടപടികളും ചർച്ചയാകും.

അതേസമയം, മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ പ്രതിഷേധം ശക്തമാണ്. ഗസ്സയിലെ ആയിരക്കണക്കിന് നിരപരാധികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വംശഹത്യയെക്കുറിച്ച് ഇസ്രായേൽ നെസറ്റിൽ മോദി പരാമർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു.

-മോദി ഇസ്രായേൽ സന്ദർശിക്കരുതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഗസ്സ പീസ് ബോർഡിൽ ചേരാനുള്ള ക്ഷണം നിരസിക്കണമെന്നും ഇന്ത്യൻ പീപ്പിൾ ഇൻ സോളിഡാരിറ്റി വിത്ത് ഫലസ്തീൻ (ഐപിഎസ്പി) ആവശ്യപ്പെട്ടു. ഗസ്സയിൽ വംശഹത്യ തുടരുന്ന പശ്ചാത്തലത്തിലും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ചേർത്തുപിടിക്കുന്നതിനായി ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ചുപോന്ന ദീർഘകാല നിലപാടുകളെ മോദി ദുർബലപ്പെടുത്തിയെന്നും വിമർശനമുണ്ട്.

TAGS :

Next Story