Quantcast

‘മരണത്തെ നേരില്‍ കണ്ട നിമിഷം; ആലിപ്പഴം വീണതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വിമാനത്തിന് വലിയ കേടുപാടുകള്‍ സംഭവിച്ചതായി കാണാം

MediaOne Logo

Web Desk

  • Published:

    22 May 2025 9:07 AM IST

‘മരണത്തെ നേരില്‍ കണ്ട നിമിഷം; ആലിപ്പഴം വീണതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
X

ശ്രീനഗര്‍: ആലിപ്പഴം വീണതിനെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ ഡല്‍ഹി- ശ്രീനഗര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനത്തിന് മുകളിലേക്കാണ് പെട്ടെന്ന് ആലിപ്പഴം വീണത്. തുടര്‍ന്ന് വിമാനത്തിന് വലിയ കുലുക്കം അനുഭവപ്പെട്ടു. കൂടുതല്‍ അപകടത്തിലേക്ക് നയിക്കുന്നതിന് മുമ്പ് പൈലറ്റ് വിമാനം അടിയന്തരമായി ശ്രീനഗറില്‍ ഇറക്കി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി കാണാം.

260 യാത്രക്കാരുമായി ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യയാണ് വിമാനത്തിന് മുകളിലേക്ക് ആലിപ്പഴം വീണത്. വൈകുന്നേരം 6.30 ഓ​ടെയാണ് വിമാനം ശ്രീനഗറില്‍ അടിയന്തരമായി ഇറക്കിയത്. ഇന്‍ഡിഗോ 6E 2142 വിമാനത്തിന്റെ ക്യാബിന്‍ ജീവനക്കാര്‍ സുരക്ഷിതമായി തന്നെ വിമാനം ഇറക്കിയെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആലിപ്പഴം വീണതിനെ തുടര്‍ന്ന് വിമാനത്തിന് നാശനഷ്ടം സംഭവിച്ച വിവരം എയര്‍പോര്‍ട്ട് അധികൃതരുടെ പ്രസ്താവനയില്‍ പറയുന്നില്ല.

‘എല്ലാം സാധാരണ നിലയിലായിരുന്നു, പെട്ടെന്ന് പൈലറ്റ് സീറ്റ് ബെൽറ്റ് ഇടാൻ ആവശ്യപ്പെട്ടു. ഞാൻ സ്ഥിരം യാത്രക്കാരനാണ്. പക്ഷേ ഇതുപോലൊരു സാഹചര്യം ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ല. അത് ഭീകരമായിരുന്നു. ഞങ്ങളെ സുരക്ഷിതമായി ലാൻഡ് ചെയ്തതിന് പൈലറ്റിന് നന്ദിയുണ്ട്’. ഒരു യാത്രക്കാരൻ പറഞ്ഞു.

വിമാനത്തിന്റെ മുന്‍ഭാഗത്ത് ആലിപ്പഴം വീണതിനെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സമൂഹമാധ്യമമായ എക്‌സിൽ ഒരു യാത്രക്കാരന്‍ കുറിച്ചു. മരണത്തെ നേരില്‍ കണ്ട നിമിഷമായിരുന്നു അതെന്നും യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിച്ചെന്നും പോസ്റ്റില്‍ പറയുന്നു. വിമാനത്തിന്റെ മുന്നിലും വലതുവശത്തുമാണ് കേടുപാടുകള്‍ സംഭവിച്ചത്. വിമാനം തകര്‍ന്ന് വീഴുമെന്ന് ചില യാത്രക്കാര്‍ ഭയപ്പെട്ടിരുന്നു. പൈലറ്റിന്റെയും ക്യാബിന്‍ ജീവനക്കാരുടെയും അടിയന്തരമായ ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്.

TAGS :

Next Story