Quantcast

നീറ്റ് പരീക്ഷാ പേപ്പർ ചോർന്നത് പരീക്ഷയുടെ 10 ദിവസം മുൻപ്, പകർപ്പുകൾ വ്യാപകമായി കൈമാറി; ഞെട്ടിക്കുന്ന വിവരങ്ങളുമായി സിബിഐ

കേസിൽ അറസ്റ്റിലായ ശിവരാജ് മോട്ടെഗാവ്കറെ പത്ത് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു

MediaOne Logo

Web Desk

  • Updated:

    2026-05-19 04:51:12.0

Published:

19 May 2026 10:16 AM IST

നീറ്റ് പരീക്ഷാ പേപ്പർ ചോർന്നത് പരീക്ഷയുടെ 10 ദിവസം മുൻപ്, പകർപ്പുകൾ വ്യാപകമായി കൈമാറി; ഞെട്ടിക്കുന്ന വിവരങ്ങളുമായി സിബിഐ
X

ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് പരീക്ഷയുടെ പത്ത് ദിവസം മുൻപെന്ന് കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ ശിവരാജ് മോട്ടെഗാവ്കർക്ക് ചോദ്യങ്ങൾ പത്ത് ദിവസം മുൻപ് ലഭിച്ചു. ഇയാളുടെ ഫോണിൽ നിന്ന് ചോർന്ന ചോദ്യങ്ങൾ കണ്ടെത്തി. ചോദ്യോത്തരങ്ങളുടെ പകർപ്പ് നിരവധി പേർക്ക് കൈമാറി. ഇയാളെ പത്ത് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു.

കേസിൽ നിലവിൽ പത്ത് പേരാണ് അറസ്റ്റിലായത്. 2024ലെ വിവാദങ്ങൾക്ക് ശേഷം സുരക്ഷ ശക്തമാക്കിയെന്ന് അധികൃതർ അവകാശപ്പെട്ടെങ്കിലും, 2026ൽ വീണ്ടും നീറ്റ് പരീക്ഷാ പേപ്പർ ചോർന്നത് രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചോദ്യപേപ്പർ സുരക്ഷിതമായി സൂക്ഷിക്കാൻ നിയോഗിക്കപ്പെട്ട എൻടിഎയുടെ പാനലിലെ വിദഗ്ധർ തന്നെ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത.

2026 മേയ് 3ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ ഔദ്യോഗിക പരീക്ഷയ്ക്ക് മുൻപ് തന്നെ ചോർന്നതായി അന്വേഷണസംഘം കണ്ടെത്തി. ഇത്തവണ എൻടിഎ പരീക്ഷാ നടത്തിപ്പിനായി നിയോഗിച്ച സബ്ജക്ട് എക്സ്പെർട്ടുകൾ തന്നെയാണ് പ്രധാന പ്രതികൾ. പൂനെയിലെ ബയോളജി ലെക്ചററായ മനീഷ ഗുരുനാഥ് മന്ദ്ഹാരെ, കെമിസ്ട്രി പ്രഫസറായ പി.വി. കുൽക്കർണി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. എൻടിഎ വിദഗ്ധർ എന്ന നിലയിൽ ചോദ്യപേപ്പറുകളിലേക്ക് പൂർണമായ പ്രവേശനമുണ്ടായിരുന്ന ഇവർ, പരീക്ഷയ്ക്ക് ആഴ്ചകൾക്ക് മുൻപ് തന്നെ പൂനെയിലെ തങ്ങളുടെ വീടുകളിൽ തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി പ്രത്യേക 'കോച്ചിങ് ക്ലാസുകൾ' നടത്തി. യഥാർഥ ചോദ്യപേപ്പറിലെ ബോട്ടണി, സുവോളജി, കെമിസ്ട്രി ചോദ്യങ്ങൾ അതേപടി ഇവർ വിദ്യാർഥികൾക്ക് പറഞ്ഞു കൊടുക്കുകയും നോട്ടുപുസ്തകങ്ങളിൽ എഴുതിക്കുകയും ചെയ്തതായി സിബിഐ കണ്ടെത്തി.

പരീക്ഷയ്ക്ക് മുൻപ് വിപണിയിൽ ഇറങ്ങിയ ഒരു പ്രത്യേക 'ഗസ് പേപ്പർ' ആണ് ഇത്തവണ അന്വേഷണത്തിന് വഴിത്തിരിവായത്. 410 ചോദ്യങ്ങൾ അടങ്ങിയ ഈ ഗസ് പേപ്പറിൽ വന്ന ചോദ്യങ്ങൾ, യഥാർഥ നീറ്റ് പരീക്ഷയിലെ ബയോളജി (90 ചോദ്യങ്ങൾ), കെമിസ്ട്രി (45 ചോദ്യങ്ങൾ) എന്നീ സെക്ഷനുകളിലെ ചോദ്യങ്ങളുമായി 100 ശതമാനം ഒത്തുപോയതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഈ ചോദ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പരീക്ഷയുടെ സുതാര്യത പൂർണമായും നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് 22 ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതിയ 2026ലെ നീറ്റ്-യുജി പരീക്ഷ കേന്ദ്ര സർക്കാർ പൂർണമായി റദ്ദാക്കാൻ നിർബന്ധിതരായി. പേപ്പർ ചോർച്ചയെ തുടർന്ന് രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ 2026 ജൂൺ 21 ഞായറാഴ്ച പുതുക്കിയ നീറ്റ് പരീക്ഷ നടത്തുമെന്ന് എൻടിഎ പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story