മണിപ്പൂരിലെ പുതിയ സർക്കാർ: നൊംചാ കിപ്‌ജെൻ ഉപമുഖ്യമന്ത്രിയായതിൽ എതിർപ്പുമായി കുകി സംഘടന
യുംനാം ഖേംചന്ദ് സിങ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായാണ് കൂക്കി വിഭാഗം നേതാവ് നൊംചാ കിപ്‌ജെൻ അധികാരമേറ്റത്

- Published:
4 Feb 2026 7:36 PM IST

ഇംഫാല്‍: മണിപ്പൂരില്‍ പുതിയ സർക്കാർ രൂപീകരിച്ചുള്ള ബിജെപിയുടെ നീക്കം ആശങ്കാജനകമാണെന്ന് കുക്കി ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പൂർ. ഗുവാഹത്തി കോൺക്ലേവ് പ്രമേയം അംഗീകരിച്ചിട്ടും കുക്കി വിഭാഗം നേതാവ് നൊംചാ കിപ്‌ജെൻ മന്ത്രിസഭയില്‍ ചേര്‍ന്നത് തെറ്റാണെന്നും സംഘടന വ്യക്തമാക്കി.
യുംനാം ഖേംചന്ദ് സിങ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായാണ് നൊംചാ കിപ്‌ജെൻ അധികാരമേറ്റത്.
പുതിയ സർക്കാർ മെയ്തേയ് കേന്ദ്രീകൃതമായൊരു രാഷ്ട്രീയ ക്രമീകരണം മാത്രമായിരിക്കുമെന്നും സമാധാനമോ നീതിയോ അനുരഞ്ജനമോ നടപ്പിലാക്കാൻ കഴിയില്ലെന്നും കുക്കി ഇൻപി വ്യക്തമാക്കി.
'സര്‍ക്കാര്‍ രൂപീകരണത്തോട് കുക്കി എംഎല്‍എമാര്‍ സഹകരിക്കരുത്. കുക്കി ജനതയുടെ കഷ്ടപ്പാടുകളും അഭിലാഷങ്ങളും രാഷ്ട്രീയ ഇച്ഛാശക്തിയും പൂർണ്ണമായും അവഗണിക്കുന്ന, പേരിന് മാത്രം നിലനിൽക്കുന്ന സര്‍ക്കാറാവും ഇത്. സമാധാനത്തിലും സുസ്ഥിരതയിലും ബിജെപിക്ക് ആത്മാർത്ഥമായ ആശങ്കയുണ്ടെങ്കിൽ ജനകീയ സർക്കാർ രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പകരം, കുക്കി-സോ വിഭാഗത്തിന് സ്വീകാര്യമായൊരു രാഷ്ട്രീയ പരിഹാരം ഉണ്ടാകുന്നത് വരെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം തുടരാൻ കേന്ദ്ര സർക്കാരിനോട് ശിപാര്‍ശ ചെയ്യണം'- സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
'പുതിയ സര്‍ക്കാറില്‍ ഏതെങ്കിലും കുക്കി-സോ എംഎൽഎമാർ ചേരുന്നതിനെ സംഘടന ശക്തമായി എതിർക്കുന്നു. നേരത്തെ അംഗീകരിച്ച ഗുവാഹത്തി കോൺക്ലേവ് പ്രമേയത്തിന് ബാധ്യസ്ഥരായിരുന്നിട്ടും, അത് മറികടന്ന് ഗവൺമെന്റിൽ ചേരുന്ന കുക്കി-സോ എംഎൽഎമാര്‍ പൊതുസമൂഹത്തിന് മുന്നില്‍ വന്ന് നിലപാട് വ്യക്തമാക്കണം. കുക്കി-സോ മേഖലകളിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തനങ്ങൾ തടയാൻ കുക്കി ഇൻപി മണിപ്പൂർ നിർബന്ധിതരാകുമെന്നും'- സംഘടന വ്യക്തമാക്കുന്നു.
Adjust Story Font
16
