Quantcast

ആംബുലൻസ് കിട്ടിയില്ല, ആരും സഹായിച്ചതുമില്ല; രോ​ഗിയായ ഭാര്യയെ ഉന്തുവണ്ടിയിൽ കിടത്തി വയോധികൻ ആശുപത്രിയിലേക്ക്; വഴിമധ്യേ ദാരുണാന്ത്യം

സഹായത്തിനായി സാഹു അയൽക്കാരുടെയെല്ലാം വാതിലിൽ മുട്ടി. എന്നാൽ നിരാശയായിരുന്നു ഫലം. ഒരു ഫോൺ കോൾ കൊണ്ട് പോലും ആരും സഹായിച്ചില്ല.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-26 02:41:32.0

Published:

26 Jan 2026 8:10 AM IST

No Ambulance Elderly Man Carries Wife On Cart In Madhya Pradesh She Dies
X

ഭോപ്പാൽ: പഴങ്ങളും പച്ചക്കറികളുമൊക്കെ വിൽക്കാനാണ് സാധാരണ ഉന്തുവണ്ടി ഉപയോ​ഗിക്കുന്നത്. എന്നാൽ, ഉപജീവന മാർ​ഗമായ ആ ഉന്തുവണ്ടി ആംബുലൻസിന് പകരം ഉപയോ​ഗിക്കേണ്ടിവരികയും പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനാവാതെ വരികയും ചെയ്യുന്നത് ഹൃദയഭേദകമാണ്. രോ​ഗിയായ ഭാര്യയെ ആംബുലൻസ് കിട്ടാത്തതിനാലാണ് വയോധികന് ഉന്തുവണ്ടിയെ ആശ്രയിക്കേണ്ടിവന്നത്. എന്നാൽ വഴിമധ്യേ അവർ മരിച്ചു. മധ്യപ്രദേശിലെ സാ​ഗറിലാണ് സംഭവം.

ഉന്തുവണ്ടിയിൽ പച്ചക്കറി കച്ചവടം ചെയ്യുന്ന പവൻ സാഹുവിനാണ് ഭാര്യയെ നഷ്ടമായത്. യുപി ലളിത്പുർ ജില്ലിയിലെ സേശായ് സ്വദേശിയായ പവൻ സാഹു 10-12 വർഷമായി മധ്യപ്രദേശിലെ സാ​ഗറിൽ പച്ചക്കറി കച്ചവടം നടത്തിവരികയാണ്. ശനിയാഴ്ചയാണ് ഭാര്യക്ക് അസുഖം മൂർച്ഛിച്ചത്. ആരെ വിളിക്കണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ സാഹു സഹായത്തിനായി അയൽക്കാരുടെയെല്ലാം വാതിലിൽ മുട്ടി. എന്നാൽ നിരാശയായിരുന്നു ഫലം. ഒരു ഫോൺ കോൾ കൊണ്ട് പോലും ആരും സഹായിച്ചില്ല.

ആരും ഒരു ആംബുലൻസിനെ വിളിക്കാനോ സഹായിക്കാനോ തയാറാവാതിരുന്നതോടെ ഭാര്യയുടെ ജീവൻ രക്ഷിക്കാൻ സാഹുവിന് മുന്നിൽ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. പിന്നൊന്നും ആലോചിച്ചില്ല, ഉപജീവനമാർ​ഗമായ ഉന്തുവണ്ടി തന്റെ ജീവന്റെ പാതിക്കുവേണ്ടി ഉപയോ​ഗിക്കാൻ അയാൾ തീരുമാനിച്ചു. ഉടൻ തന്നെ ഉന്തുവണ്ടിയിൽ ഭാര്യയെ കിടത്തി ആശുപത്രിയിലേക്ക്... കഴിയാവുന്നത്ര വേ​ഗത്തിൽ സർവ ശക്തിയുമെടുത്ത് അദ്ദേഹം ഉന്തുവണ്ടി തള്ളി. എന്നാൽ...

വഴിമധ്യേ ഭാര്യ അന്ത്യശ്വാസം വലിച്ചു. കൺമുന്നിൽ ഭാര്യയുടെ മരണം കണ്ട് ഹൃദയം പൊട്ടി അയാൾ റോഡരികിലിരുന്ന് നിലവിളിച്ചു. അതുകണ്ട് ആളുകൾ എത്തിയെങ്കിലും എല്ലാം വൈകിപ്പോയിരുന്നു. സമൂഹത്തിന്റെ നിസഹകരണ മനോഭാവം ഒരു മനുഷ്യനുണ്ടാക്കിയ നഷ്ടത്തിന്റെ തോത് എത്രയെന്ന് തെളിയിക്കുന്നതാണ് ഈ സംഭവവും. ഏറെക്കാലമായി രോ​ഗിയായ ഭാര്യക്ക് തന്നെ കൊണ്ടാവുന്ന വിധത്തിൽ ചികിത്സ നൽകാൻ സാഹു ശ്രമിച്ചിരുന്നു. പച്ചക്കറി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനമുപ​യോ​ഗിച്ചാണ് സാഹു ഇതുവരെ ഭാര്യയെ ചികിത്സിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച നില വഷളാവുകയായിരുന്നു.

ഭാര്യയെ വിദ​ഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലെത്തിക്കാനുള്ള സാമ്പത്തിക സ്ഥിതിയോ ആംബുലൻസ് വിളിക്കാനുള്ള അറിവോ സാഹുവിനുണ്ടായിരുന്നില്ല. എന്നാൽ അതിന് നാട്ടുകാർ സഹായിച്ചതുമില്ല. നിസഹായതയുടെ കടലിന് നടുവിൽ എന്ത് ചെയ്യമറിയാതെ ഉഴറിയ ആ വയോധികന് ഒടുവിൽ തന്റെ പ്രിയതമ മരണത്തിന് കീഴടങ്ങുന്ന കാഴ്ച കണ്ടുനിൽക്കേണ്ടിവരികയായിരുന്നു.

സ്ത്രീയുടെ മരണശേഷം, പ്രാദേശിക സാമൂഹിക സേവന സംഘടനയായ അപ്ന സേവാ സമിതിയുടെ വാഹനമെത്തി മൃതദേഹം നര്യവാലി നാക ശ്മശാനത്തിലേക്ക് കൊണ്ടുപോയി, അവിടെ അന്ത്യകർമങ്ങൾ നടത്തി. വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ദമ്പതികൾക്ക് ആംബുലൻസ് ലഭിക്കാത്തതിന്റെ കാരണമറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സാഗർ സിഎംഎച്ച്ഒ മംമ്ത തിമോറി പറഞ്ഞു. ദുരിതബാധിത കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞദിവസം ഒഡിഷയിലും സമാന സംഭവം ഉണ്ടായിരുന്നു. പക്ഷാഘാതം വന്ന് തളർന്നുപോയ ഭാര്യക്ക് ചികിത്സ ലഭ്യമാക്കാനായി 75കാരൻ റിക്ഷ ചവിട്ടിയത് 300 കിലോമീറ്ററാണ്. ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ സംബൽപൂർ ജില്ലയിലെ മോദിപാഡ സ്വദേശിയായ

ബാബു ലോഹാർ എന്ന വയോധികനാണ് ഭാര്യയെ റിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്. ഇവിടെ, ലോഹാറിന് പവൻ സാഹുവിന്റെ അവസ്ഥ വന്നില്ല. ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതിനാൽ ഭാര്യ രക്ഷപെട്ടു.

പക്ഷാഘാതം വന്ന് സംബൽപൂരിലെ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യയെ വിദഗ്ധ ചികിത്സയ്ക്കായി കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. എന്നാൽ ആംബുലൻസോ മറ്റ് വാഹനങ്ങളോ വാടകയ്‌ക്കെടുക്കാൻ സാമ്പത്തികമായി യാതൊരു നിവൃത്തിയുമില്ലാതിരുന്ന ലോഹാർ ഒടുവിൽ തന്റെ കൈവശമുള്ള റിക്ഷയിൽ തന്നെ ഭാര്യയെ കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.

TAGS :

Next Story