Quantcast

'അധികാരത്തിലുള്ളിടത്തോളം മിയ മുസ്‌ലിംകളെ ഉപദ്രവിക്കും, എന്നാലേ അവര്‍ ഒഴിഞ്ഞുപോകൂ'; വിദ്വേഷം തുടര്‍ന്ന് ഹിമന്ത ബിശ്വ ശര്‍മ

'മിയ മുസ്‌ലിംകള്‍ക്ക് അസമില്‍ സമാധാനമായി ജീവിക്കാന്‍ കഴിയില്ല. അവര്‍ ഇനിയും കഷ്ടകാലം സഹിക്കേണ്ടിവരും'

MediaOne Logo
My job is to make the Miya people suffer Says Himanta Biswa Sarma
X

ഗുവാഹത്തി: താന്‍ അസമില്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം മിയ മുസ്‌ലിംകളെ ഉപദ്രവിക്കുന്നത് തുടരുമെന്ന് ഹിമന്ത ബിശ്വ ശര്‍മ. അവര്‍ക്ക് കടുത്ത സമയം വരാനിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മിയ മുസ്‌ലിംകളെ ഉപദ്രവിക്കുമെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിവാദമായിരിക്കെയാണ് വീണ്ടും ഹിമന്തയുടെ വിദ്വേഷ പ്രസ്താവന.

'മിയ മുസ്‌ലിംകള്‍ക്ക് അസമില്‍ സമാധാനമായി ജീവിക്കാന്‍ കഴിയില്ല. അവര്‍ ഇനിയും കഷ്ടകാലം സഹിക്കേണ്ടിവരും. ഞാന്‍ എത്രകാലം മുഖ്യമന്ത്രിയായി ഇരിക്കുന്നുവോ അത്രയും കാലം ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രയാസം നേരിടും. കുഴപ്പങ്ങള്‍ ഉണ്ടാക്കിയാല്‍ മാത്രമേ അവര്‍ ഒഴിഞ്ഞുപോകൂ' -ഹിമന്ത പറഞ്ഞു. മിയ മുസ്‌ലിംകള്‍ (ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍) അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നും അവരെ അസമില്‍ ജോലി ചെയ്ത് ജീവിക്കാന്‍ സമ്മതിക്കില്ലെന്നുമാണ് ഹിമന്തയുടെ നിലപാട്.

മിയ മുസ്‌ലിംകളുടെ ഓട്ടോയില്‍ കയറിയാല്‍ അഞ്ച് രൂപയാണ് ചാര്‍ജെങ്കില്‍ നാലേ കൊടുക്കാവൂ എന്ന വിവാദ പ്രസ്താവനയെ മുഖ്യമന്ത്രി ന്യായീകരിച്ചു. 'അവരുടെ നല്ലതിനായാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. നിയമം നോക്കുകയാണെങ്കില്‍ അവര്‍ക്ക് ഇവിടെ ജോലി ചെയ്യാനാകില്ല. സ്വന്തം പൗരന്മാര്‍ക്ക് മാത്രമേ ഒരു രാജ്യത്ത് ജോലി ചെയ്യാനാകൂ. ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ക്ക് എങ്ങനെയാണ് ഇവിടെ ജോലി ചെയ്യാനാകുക?' -ഹിമന്ത ചോദിച്ചു.

മിയ മുസ്‌ലിംകളെ അധിക്ഷേപിച്ചുള്ള മുഖ്യമന്ത്രിയുടെ ജനുവരി 27ലെ പ്രസ്താവന വ്യാപക വിമര്‍ശനം നേരിടുന്നതിനിടെയാണ് ഇതില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടെടുത്തിരിക്കുന്നത്. 'മിയ മുസ്‌ലിംകള്‍ ഓടിക്കുന്ന ഓട്ടോറിക്ഷയില്‍ കയറിയാല്‍ അഞ്ചു രൂപയാണ് ചാര്‍ജെങ്കില്‍ നാല് രൂപയേ കൊടുക്കാവൂ. പരമാവധി അവര്‍ എന്ത് ചെയ്യും? കേസ് കൊടുക്കും. അത് അസം പൊലീസ് കൈകാര്യം ചെയ്തോളും. ബിജെപിയും ഞാനും മിയ മുസ്‌ലിംകളെ ഉപദ്രവിക്കാന്‍ തന്നെയാണ് രംഗത്തുള്ളത്. കോണ്‍ഗ്രസ് എന്നെ എത്ര വേണമെങ്കിലും അധിക്ഷേപിച്ചോട്ടെ. എന്റെ ജോലി മിയ സമുദായത്തെ കഷ്ടപ്പെടുത്തുക എന്നതാണ്' -എന്നായിരുന്നു അന്ന് പ്രസംഗിച്ചത്.

TAGS :

Next Story