മദ്യം വാങ്ങാൻ പണം നൽകിയില്ല; അമ്മയെ മർദിച്ച് തീകൊളുത്തിയ മകൻ അറസ്റ്റിൽ
ക്രൂരകൃത്യത്തിന് ശേഷം ഓടിരക്ഷപെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.

ഭുവനേശ്വർ: മദ്യം വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ തീകൊളുത്തിയ മകൻ അറസ്റ്റിൽ. ഒഡിഷയിലെ ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.
മാതാവ് ജ്യോത്സനറാണി നായക് (65)നെയാണ് ഇയാൾ ക്രൂരമായി മർദിച്ച ശേഷം തീകൊളുത്തിയത്. ക്രൂരകൃത്യത്തിന് ശേഷം ഓടിരക്ഷപെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.
മയക്കുമരുന്നിന് അടിമയായ ദേബാഷിഷ്, മദ്യം വാങ്ങാൻ അമ്മയോട് പണമാവശ്യപ്പെടുകയായിരുന്നു. ജ്യോത്സനറാണി പണം നൽകാൻ വിസമ്മതിച്ചതോടെ ഇയാൾ ഇവരെ മർദിച്ചു. താഴെ വീണതോടെ, പെട്രോൾ എടുത്ത് ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
ജ്യോത്സനറാണിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇയാൾ സ്ഥലത്തുനിന്നും രക്ഷപെട്ടിരുന്നു. നാട്ടുകാർ വയോധികയെ ഭദ്രക് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നില വഷളായതോടെ, ഇവിടെനിന്ന് കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളജിലേക്ക് മാറ്റിയതായും പൊലീസ് വിശദമാക്കി.
വീട്ടിൽ മകനും അമ്മയും തമ്മിൽ വാക്കുതർക്കം പതിവാണെന്നും പക്ഷേ ഇത്തരമൊരു ആക്രമണം തങ്ങളൊരിക്കലും പ്രതീക്ഷിച്ചില്ലെന്നും നാട്ടുകാർ പ്രതികരിച്ചു.
Adjust Story Font
16

