Quantcast

ആൻഡമാൻ കടലിൽ വീണ്ടും പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി ഓയിൽ ഇന്ത്യ

ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയുള്ള 'ആൻഡമാൻ ഷാലോ ഓഫ്‌ഷോർ ബ്ലോക്കിൽ' സ്ഥിതി ചെയ്യുന്ന 'വിജയപുരം-3' എന്ന പര്യവേഷണ കിണറ്റിലാണ് പുതുതായി പ്രകൃതിവാതകം കണ്ടെത്തിയത്

MediaOne Logo
ആൻഡമാൻ കടലിൽ വീണ്ടും പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി ഓയിൽ ഇന്ത്യ
X

ആൻഡമാൻ കടൽത്തീര മേഖലയിൽ വീണ്ടും പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി ഓയിൽ ഇന്ത്യ ലിമിറ്റഡ്. ഈ മേഖലയിൽ കമ്പനി നടത്തുന്ന പര്യവേഷണങ്ങൾക്കിടയിലെ രണ്ടാമത്തെ വലിയ കണ്ടെത്തലാണിത്. വാർത്ത പുറത്തുവന്നതോടെ ഓയിൽ ഇന്ത്യയുടെ ഓഹരി നേട്ടം കൈവരിച്ചു. ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയുള്ള 'ആൻഡമാൻ ഷാലോ ഓഫ്‌ഷോർ ബ്ലോക്കിൽ' സ്ഥിതി ചെയ്യുന്ന 'വിജയപുരം-3' എന്ന പര്യവേഷണ കിണറ്റിലാണ് പുതുതായി പ്രകൃതിവാതകം കണ്ടെത്തിയത്. കേന്ദ്ര സർക്കാരിന്റെ ഓപ്പൺ ഏക്രേജ് ലൈസൻസിങ് പോളിസിപ്രകാരം 355 മീറ്റർ ആഴമുള്ള കടൽമേഖലയിലാണ് ഈ കിണർ കുഴിച്ചത്.

കണ്ടെത്തൽ 1,900 മീറ്റർ ആഴത്തിൽ

കടലിനടിയിൽ 1,900 മീറ്ററിലധികം ആഴത്തിലുള്ള 'ഇയോസീൻ ഫോർമേഷൻ' എന്ന പാറക്കെട്ടുകൾക്കിടയിലാണ് ആദ്യഘട്ട പരിശോധനകൾ നടത്തിയത്. ഇവിടെ പ്രകൃതിവാതകത്തിന്റെ സാന്നിധ്യം കമ്പനി സ്ഥിരീകരിച്ചു. കിണറ്റിൽ ആവശ്യമായ ദ്വാരങ്ങൾ ഇട്ടയുടൻ തന്നെ വലിയ മർദത്തോടെ ഗ്യാസ് പുറത്തേക്ക് വരാൻ തുടങ്ങിയതായി ഓയിൽ ഇന്ത്യ വ്യക്തമാക്കി. ലഭിച്ച പ്രകൃതിവാതകത്തിന്റെ ഘടനയും അതിന്റെ ഊർജക്ഷമതയും നിർണയിക്കുന്നതിനായി ഗ്യാസ് സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചുവരികയാണ്. കൂടാതെ ഈ വാതകത്തിന്റെ കൃത്യമായ ഉത്ഭവം മനസിലാക്കുന്നതിനായി ഐസോടോപ്പ് പഠനങ്ങളും നടത്തുന്നുണ്ട്. ഈ മേഖലയിൽ വൻതോതിൽ ഇന്ധന നിക്ഷേപമുണ്ടെന്നതിന്റെ സൂചനയാണിതെന്നും ഭാവിയിലെ വിപുലമായ ഖനന പദ്ധതികൾക്ക് ഇത് ഏറെ സഹായകരമാകുമെന്നും കമ്പനി അറിയിച്ചു.

മൂന്ന് കിണറുകളിൽ രണ്ടിലും വിജയം

നേരത്തെ 2025 സെപ്റ്റംബറിൽ 'വിജയപുരം-2' എന്ന പര്യവേക്ഷണ കിണറ്റിലും ഓയിൽ ഇന്ത്യ പ്രകൃതിവാതകം കണ്ടെത്തിയിരുന്നു. ഈ ബ്ലോക്കിൽ ഇതുവരെ കുഴിച്ച മൂന്ന് പര്യവേക്ഷണ കിണറുകളിൽ രണ്ടെണ്ണത്തിലും ഇതോടെ ഇന്ധന സാന്നിധ്യം സ്ഥിരീകരിക്കാൻ കമ്പനിക്ക് കഴിഞ്ഞു. ആദ്യ കണ്ടെത്തലിന് ശേഷം കമ്പനി ഇവിടെ കൂടുതൽ പഠനങ്ങൾ ആരംഭിച്ചിരുന്നു.

വലിയ തോതിൽ പ്രകൃതിവാതകം കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതോടെ ഓയിൽ ഇന്ത്യയുടെ ഓഹരി വിലയും നേട്ടം കൈവരിച്ചു. 488.95 രൂപയിലാണ് ഓയിൽ ഇന്ത്യയുടെ ഓഹരികൾ വ്യാപാരം നടത്തുന്നത്. ഈ വർഷം ഇതുവരെ കമ്പനിയുടെ ഓഹരി മൂല്യം 14 ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്.

തെക്കുകിഴക്കൻ ഏഷ്യയിലെ ഹൈഡ്രോകാർബൺ സമ്പന്നമായ പല പ്രദേശങ്ങളുമായുള്ള ഭൂമിശാസ്ത്രപരമായ സമാനതകൾ കാരണം ആൻഡമാൻ കടൽത്തീര മേഖല സമീപ വർഷങ്ങളിൽ വലിയ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. എണ്ണ- വാതക പര്യവേഷണ രംഗത്ത് വലിയ സാധ്യതകളുള്ള ഒരു മുൻനിര പ്രദേശമായാണ് ഊർജ കമ്പനികളും നയരൂപീകരണ വിദഗ്ധരും ഈ മേഖലയെ വീക്ഷിക്കുന്നത്.

കണ്ടെത്തലുകൾ മാത്രം വാണിജ്യ ഉത്പാദനം ഉറപ്പുനൽകുന്നില്ലെങ്കിലും, ആവർത്തിച്ചുള്ള ഹൈഡ്രോകാർബൺ സാന്നിധ്യം ഈ മേഖലയുടെ ദീർഘകാല സാധ്യതകളിലുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ആഭ്യന്തര വാതക സ്രോതസുകളുടെ വിജയകരമായ വികസനം ഊർജ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സഹായിക്കും.

TAGS :

Next Story