Quantcast

മെസിക്ക് കൈ കൊടുക്കാൻ വിഐപികള്‍ മുടക്കുന്നത് ഒരു കോടി, തങ്ങുന്നത് ഒരൊറ്റ രാത്രിക്ക് ഏഴ് ലക്ഷം വാടകയുള്ള മുറിയിൽ, ഡൽഹിയിൽ വൻ സുരക്ഷ

മെസി തങ്ങുന്നതിനെക്കുറിച്ചോ മറ്റോ ഒരു വിവരവും പുറത്തുപോകരുതെന്ന് ഹോട്ടൽ സ്റ്റാഫിനും കർശന നിർദേശമുണ്ട്.

MediaOne Logo

Web Desk

  • Published:

    15 Dec 2025 1:55 PM IST

മെസിക്ക് കൈ കൊടുക്കാൻ വിഐപികള്‍ മുടക്കുന്നത് ഒരു കോടി, തങ്ങുന്നത് ഒരൊറ്റ രാത്രിക്ക് ഏഴ് ലക്ഷം വാടകയുള്ള മുറിയിൽ, ഡൽഹിയിൽ വൻ സുരക്ഷ
X

ന്യൂഡൽഹി: അർജന്റീനൻ സൂപ്പർതാരം ലയണൽ മെസിയെ കാണാനും ഒരു ഫോട്ടോ തരപ്പെടുത്താനും വിഐപികൾ മുടക്കുന്നത് കോടികളെന്ന് റിപ്പോർട്ട്. ഇന്ന്(തിങ്കളാഴ്ച) രാവിലെ 10.45ഓടെയാണ് മെസി ഡൽഹിയിലിറങ്ങുക. അതേസമയം കനത്ത പുക മഞ്ഞ് കാരണം മെസിയുടെ വിമാനം വൈകിയതായും വാര്‍ത്തകളുണ്ട്.

എൻഡിടിവി റിപ്പോർട്ട് പ്രകാരം താരത്തെ കാണാൻ വിഐപികൾ പണമെറിഞ്ഞുവെന്നാണ്. ഡല്‍ഹി ചാണക്യപുരിയിലെ ലീല പാലസിലാണ് മെസിയുടെ താമസം. ഒരു ഫ്‌ളോർ മുഴുവൻ മെസിക്കും സംഘത്തിനും കൂടിക്കാഴ്ചക്കും മറ്റുമായി മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ലീല പാലസിലെ പ്രെസിഡൻഷ്യൽ സ്യൂട്ടിസാണ് മെസിയുടെ താമസം. ഒരൊറ്റ രാത്രിക്ക് 3.5 ലക്ഷം മുതൽ ഏഴ് ലക്ഷം വരെയാണ് ബിൽ എന്നാണ് റിപ്പോർട്ടുകൾ.

മെസി തങ്ങുന്നതിനെക്കുറിച്ചോ മറ്റോ ഒരു വിവരവും പുറത്തുപോകരുതെന്ന് ഹോട്ടൽ സ്റ്റാഫിനും കർശന നിർദേശമുണ്ട്. വൻ സുരക്ഷ തന്നെയാണ് ഹോട്ടലിലും പരിസരത്തുമായി ഒരുക്കിയിരിക്കുന്നത്. അതേസമയം കോടികളെറിഞ്ഞ് വിഐപികൾ മെസിയുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചില കോർപറേറ്റ് ഗ്രൂപ്പുകൾ ഒരു കോടി വരെ നൽകിയതായാണ് റിപ്പോർട്ട്. തെരഞ്ഞെടുക്കപ്പെട്ട കോര്‍പ്പറേറ്റ്, വിഐപി അതിഥികള്‍ക്കായി മെസ്സിയെ നേരില്‍ കാണുന്നതിനായി അടച്ചിട്ട മുറിയില്‍ 'മീറ്റ് ആന്‍ഡ് ഗ്രീറ്റും' ഒരുക്കിയിട്ടുണ്ട്.

അതേസമയം ചീഫ് ജസ്റ്റിസ്, എംപിമാര്‍, ക്രിക്കറ്റ് താരങ്ങള്‍, ഒളിമ്പിക്-പാരാലിമ്പിക് മെഡല്‍ ജേതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘത്തെയും മെസി കാണുന്നുണ്ട്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് മെസി, രാജ്യതലസ്ഥാനത്ത് എത്തുന്നത്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം ഉള്‍പ്പെടെ മെസി സന്ദര്‍ശിക്കുന്നുണ്ട്.

TAGS :

Next Story