ബംഗാളിൽ 'ഇന്‍ഡ്യ'ക്ക് ജീവൻവെക്കുന്നു; അഭിഷേകിന് നേരെയുണ്ടായ ആക്രമണത്തിനെതിരെ ഒന്നിച്ചണിനിരന്ന് പ്രതിപക്ഷം
ആഭ്യന്തര തർക്കങ്ങളും ഭിന്നതകളും കാരണം ഇൻഡ്യാ മുന്നണിയുടെ ഭാവി ചോദ്യചിഹ്നമായി നിൽക്കുന്ന സാഹചര്യത്തിലാണ് ബംഗാളിലെ അക്രമ സംഭവങ്ങള്‍

- Published:
31 May 2026 10:57 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ പ്രതിപക്ഷ കൂട്ടായ്മയായ 'ഇൻഡ്യാ' മുന്നണിയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയുടെ സ്വാധീനം കുറഞ്ഞെന്ന വിലയിരുത്തലുകൾ തിരുത്തി പ്രമുഖ പ്രതിപക്ഷ നേതാക്കൾ. മമതയുടെ അനന്തരവനും ടിഎംസി നേതാവുമായ അഭിഷേക് ബാനർജിക്ക് നേരെ ശനിയാഴ്ചയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നിര ഒന്നടങ്കം രംഗത്തെത്തി.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളിൽ ഇരയായവരെ സന്ദർശിക്കാൻ ദക്ഷിണ 24 പർഗാനാസിലെ സോനാർപൂരിലെത്തിയപ്പോഴാണ് അഭിഷേക് ബാനർജിക്ക് നേരെ ഒരു സംഘം ആളുകൾ അക്രമം അഴിച്ചുവിട്ടത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്നാണ് മമതയും ടിഎംസിയും ആരോപിക്കുന്നത്.
ആഭ്യന്തര തർക്കങ്ങളും ഭിന്നതകളും കാരണം ഇൻഡ്യാ മുന്നണിയുടെ ഭാവി ചോദ്യചിഹ്നമായി നിൽക്കുന്ന സാഹചര്യത്തിലാണ്, ഈ വിഷയത്തിൽ പ്രതിപക്ഷം ഒരൊറ്റക്കെട്ടായി രംഗത്തുവന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ എന്നിവർ ബിജെപി രാഷ്ട്രീയ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
"അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഒരു പ്രമുഖ പ്രതിപക്ഷ നേതാവിന് ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ബോധപൂർവമായ വീഴ്ചയുണ്ടായി"-എന്നാണ് മല്ലികാർജുൻ ഖാർഗെ കുറിച്ചത്. അക്രമം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിശേഷിപ്പിച്ച അഖിലേഷ് യാദവ്, സംസ്ഥാനത്ത് അശാന്തി പടർത്താനാണ് ആക്രമണത്തിലൂടെ ശ്രമിച്ചതെന്നും കുറ്റപ്പെടുത്തി. ബിജെപിക്ക് വെറുപ്പിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം മാത്രമേ അറിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിലെ ക്രമസമാധാന നില തകർന്നതായി അരവിന്ദ് കെജ്‌രിവാളും വിമർശിച്ചു.
'ഇൻഡ്യ' മുന്നണിയുമായി അത്ര നല്ലതല്ലാത്ത ബന്ധമാണ് മമതാ ബാനർജി പുലർത്തിയിരുന്നത്. പൊതുതിരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ടിഎംസി ഒറ്റയ്ക്കാണ് മത്സരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ നീക്കം വിജയം കണ്ടെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയേറ്റു. ഈ കനത്ത തിരിച്ചടിയെത്തുടർന്നാണ് മമത ബാനർജി ഇൻഡ്യാ മുന്നണിയുമായി വീണ്ടും അടുക്കാൻ തുടങ്ങിയത്. ഇതിന്റെ ഭാഗമായി മുന്നണി നേതാക്കളുടെ അടിയന്തര യോഗവും അവർ വിളിച്ചുചേർത്തിട്ടുണ്ട്.
Adjust Story Font
16
