'ദുരുദ്ദേശ്യപരം, പൈശാചികം'; ലോക്സഭാ സീറ്റ് പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുമെന്ന് പി. ചിദംബരം
സീറ്റ് പുനർനിർണയവുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ പാർലമെന്റിൽ ചർച്ചയ്ക്ക് വരാനിരിക്കെയാണ് ചിദംബരത്തിന്റെ പ്രതികരണം

- Published:
15 April 2026 10:58 AM IST

ന്യൂഡൽഹി: ലോക്‌സഭാ സീറ്റ് പുനർനിർണയത്തിനായി കേന്ദ്രസർക്കാർ നിർദേശിച്ച 131-ാം ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമർശനവുമായി രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. സീറ്റ് പുനർനിർണയത്തിനായുള്ള ഈ നീക്കം ദുരുദ്ദേശ്യപരവും പൈശാചികവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ലോക്സഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഗണ്യമായി കുറയ്ക്കാൻ ഇടയാക്കുമെന്ന് അദ്ദേഹം ആരോപിച്ചു. സീറ്റ് പുനർനിർണയവുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ പാർലമെന്റിൽ ചർച്ചയ്ക്ക് വരാനിരിക്കെയാണ് ചിദംബരത്തിന്റെ പ്രതികരണം.
ലഭ്യമായ വിവരങ്ങൾ പ്രകാരം നിലവിലുള്ള 543 ലോക്സഭാ സീറ്റുകൾ 850 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ 815 സീറ്റുകൾ സംസ്ഥാനങ്ങളിലും 35 സീറ്റുകൾ കേന്ദ്രഭരണ പ്രദേശങ്ങളിലുമായിരിക്കും. സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധന ഉണ്ടാകുമെങ്കിലും അത് എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായി ലഭിക്കില്ലെന്ന് എക്‌സിലെ കുറിപ്പിൽ ചിദംബരം ചൂണ്ടിക്കാട്ടി. മണ്ഡലങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് സീറ്റുകൾ നിശ്ചയിക്കുന്നത് എന്നതാണ് ഇതിന് കാരണം.
തമിഴ്നാട്ടിൽ നിലവിലെ 39 സീറ്റുകൾ ആദ്യം 58 ആയി ഉയരുന്നത് പോലെ തോന്നുമെങ്കിലും, പുനർനിർണയത്തിന് ശേഷം അത് 46 ആയി ചുരുങ്ങും. എന്നാൽ ഉത്തർപ്രദേശിൽ നിലവിലെ 80 സീറ്റുകൾ ആദ്യം 120 ആയും, പിന്നീട് ഏകദേശം 140 ആയും വർധിക്കും. ഈ ഭേദഗതി രാജ്യത്തെ ഫെഡറൽ സന്തുലിതാവസ്ഥയെ അട്ടിമറിക്കുമെന്ന് ചിദംബരം ആരോപിച്ചു. നിലവിൽ ലോക്സഭയിൽ 24.3 ശതമാനം പ്രാതിനിധ്യമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം ഇതോടെ 20.7 ശതമാനമായി കുറയും. ഇത് ഫെഡറൽ ഘടനയെ തകർക്കാനുള്ള ഗൂഢനീക്കമാണ്. ഇതിനെ ശക്തമായി എതിർക്കണമെന്നും അദ്ദേഹം കുറിച്ചു.
ഏപ്രിൽ 16-ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ ചർച്ചയ്ക്ക് എടുക്കും. 2029-ലെ തെരഞ്ഞെടുപ്പ് മുതൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സീറ്റ് പുനർനിർണയ നീക്കം. എന്നാൽ അടുത്ത സെൻസസിന് മുമ്പ് തിരക്കിട്ട് ഇത്തരമൊരു ബിൽ കൊണ്ടുവരുന്നതിൽ കേന്ദ്രത്തിന് ഗൂഢതാത്പര്യങ്ങളുണ്ട് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നാണ് ഇവരുടെ പ്രധാന പരാതി.
அரசியல் சாசன வரைவு திருத்தச் சட்டம் பற்றி நான் கடந்த ஒரு வாரமாகச் சொல்லி வரும் அச்சம் இன்று நிரூபணமாகியிருக்கிறது
— P. Chidambaram (@PChidambaram_IN) April 15, 2026
மக்களவையில் தமிழ்நாட்டின் எண்ணிக்கை தற்போது 39. இது 58 ஆக உயரும் என்று சொன்னார்கள். இது வெறும் மாயை என்று நான் சொன்னேன்
தொகுதி மறுவரையறை செய்யும் போது 58 என்பது 46…
Adjust Story Font
16
